കാണ്‍പുര്‍: കിവീസിന്റെ പ്രതിരോധപ്പൂട്ടില്‍ കാണ്‍പുര്‍ ടെസ്റ്റ് സമനിലയില്‍. ഒരു വിക്കറ്റ് വീഴ്ത്തിയാല്‍ വിജയം നേടാമായിരുന്ന ഇന്ത്യക്ക് പക്ഷേ പത്താം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അജാസ് പട്ടേല്‍-രവീന്ദ്ര രചിന് കൂട്ടുകെട്ട് പൊളിക്കാനായില്ല.രവീന്ദ്ര ജഡേജയുടെയും അശ്വിന്റേയും അക്സര്‍ പട്ടേലിന്റേയും ബൗളിങ്ങിന് രചിനും അജാസും പ്രതിരോധപ്പൂട്ടിട്ടു. ഒടുവില്‍ അത്യന്തം ആവേശകരമായ പോരാട്ടത്തില്‍ തോല്‍വിയുടെ വക്കില്‍ നിന്ന് ന്യൂസീലന്‍ഡ് സമനില പിടിച്ചുവാങ്ങി.
ജയിക്കാൻ 284 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് 165/9 എന്ന നിലയിൽ എത്തിയപ്പോഴാണ് മത്സരം അവസാനിച്ചത്. ഇന്ത്യ രണ്ടാം ഇന്നിങ്സ് ഏഴു വിക്കറ്റിന് 234 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് 284 റണ്‍സ് വിജയലക്ഷ്യമാണ് കിവീസിന് മുന്നില്‍വെച്ചത്. ആദ്യ ഇന്നിങ്സില്‍ ഇന്ത്യയുടെ 345 റണ്‍സിനെതിരേ ന്യൂസീലന്‍ഡ് 296 റണ്‍സാണ് നേടിയത്.
ഒരു വിക്കറ്റ് നഷ്ടത്തിൽ നാല് റണ്‍സ് എന്ന നിലയിലാണ് കിവീസ് അവസാന ദിവസം ബാറ്റിംഗ് തുടങ്ങിയത്. അദ്യ സെക്ഷനിൽ വിക്കറ്റ് പോകാതെ ടോം ലാതവും നൈറ്റ് വാച്ച്മാൻ വില്യം സോമർവില്ലിയും പൊരുതി നിന്നു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 79/1 എന്ന ശക്തമായ നിലയിലായിരുന്നു കിവീസ്.
എന്നാൽ ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ പന്തിൽ തന്നെ സോമർവില്ലി (36) വീണു. പിന്നീട് കിവീസ് ബാറ്റ്സ്മാൻമാർ തുടരെ പുറത്തായതോടെയാണ് അവർ പരാജയത്തെ മുന്നിൽ കണ്ടത്. 52 റണ്‍സ് നേടിയ ടോം ലാതമാണ് ടോപ്പ് സ്കോറർ. ക്യാപ്റ്റൻ കെയിൻ വില്യംസണ് 24 റണ്‍സ് നേടി.
ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാലും ആർ. അശ്വിൻ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. അക്ഷർ പട്ടേലും ഉമേഷ് യാദവും ഓരോ വിക്കറ്റുകൾ നേടി. അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറിയും അർധ സെഞ്ചുറിയും നേടിയ ശ്രേയസ് അയ്യരാണ് മാൻ ഓഫ് ദ മാച്ച്.