ദുബായ് : എക്സ്പോ നഗരിയിൽ ദുബായ് ഹെൽത്ത് അതോറിറ്റിയുടെ രക്തശേഖരണം. ഇന്ന് മുതൽ എക്സ്പോ സന്ദർശകർക്ക് രക്തദാനത്തിനും വൈദ്യ പരിശോധനയ്ക്കും സൗകര്യമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. എക്സ്പോ പാസ്പോർട്ടിൽ പ്രത്യേക മുദ്ര പതിച്ചാണു സന്ദർശകരിൽ നിന്നും രക്തം സ്വീകരിക്കുക.
രക്തദാന ക്യാംപയിനിൽ പങ്കെടുക്കുന്നവരെ ആദ്യം വൈദ്യപരിശോധനയ്ക്കു വിധേയമാക്കും. ദാതാക്കളിൽ നിന്നും രക്തം സ്വീകരിക്കുന്നതിനായി എല്ലാ മെഡിക്കൽ സംവിധാനങ്ങളോടെയും മൊബൈൽ ബസ് സജ്ജമാക്കിയതായി ഡിഎച്ച്എയിലെ ലബോറട്ടറികളുടെ ചുമതലയുള്ളവർ അറിയിച്ചു.
യുഎഇ, ഐഡി കാർഡ് നൽകുന്നതോടെ സന്ദർശകരുടെ റജിസ്ട്രേഷൻ നിമിഷങ്ങൾക്കകം പൂർത്തിയാകും. കഴിഞ്ഞ ജൂണിൽ ആരംഭിച്ച രക്തദാന ക്യാംപയിൻ വഴി പുതിയ 18000 രക്ത യൂണിറ്റുകൾ ശേഖരിക്കാനായി. സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചു. ഇതുവരെ നടത്തിയ 458 ക്യാംപയിനുകളുടെ ഭാഗമായാണു ഇതു സാധ്യമാക്കിയത്. എണ്ണമറ്റ രോഗികളുടെ ജീവൻ രക്ഷിക്കാൻ ഇതുകൊണ്ട് സാധിച്ചതായി ഡോ.ഹുസൈൻ സൂചിപ്പിച്ചു.
ഒരു യൂണിറ്റ് രക്തം കൊണ്ട് രക്തം ആവശ്യമുള്ള മൂന്നു പേരുടെ ജീവനെങ്കിലും വീണ്ടെടുക്കാനാകുമെന്നതിനാൽ സ്വദേശികളും വിദേശികളുമായവർ ഈ ജീവകാരുണ്യ പദ്ധതിയിൽ പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ മേധാവിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ 2012 ലാണ് ഈ രക്തദാന ക്യാപയിൻ ആരംഭിച്ചത്. സമൂഹത്തെ രക്തദാനത്തിനു പ്രചോദിപ്പിക്കുന്നതിനായി സ്വയം രക്തം ദാനം ചെയ്തായിരുന്നു ഷെയ്ഖ് ഹംദാന്റെ രക്തദാന ക്യാപയിൻ ഉദ്ഘാടനം.