അബുദാബി : സുഖകരമായ കാലാവസ്ഥയും കോവിഡ് നിയന്ത്രണത്തിലെ ഇളവും മൂലം മരുഭൂമിയിലേക്ക് സന്ദർശക പ്രവാഹം. നൂറുകണക്കിന് സന്ദർശകരാണ് ദിവസേന ഡെസർട് ടൂർ ഓപറ്റേറ്റർമാരോടൊപ്പം മരുഭൂമിയുടെ വന്യസൗന്ദര്യം ആസ്വദിക്കാൻ എത്തുന്നത്. കഴിഞ്ഞ 2 വർഷമായി സന്ദർശകരില്ലാതിരുന്ന ടൂർ ഓപറേറ്റർക്കു സമ്മാനിച്ചത് ചാകര.
മരുഭൂമിയുടെ മനസ്സറിഞ്ഞ ടൂർ ഓപറേറ്റർമാരോടൊപ്പമുള്ള യാത്രയിലെ സുരക്ഷിതത്വമാണ് ഈ തിരിക്കിനു കാരണം. മണൽപറപ്പിച്ച് നിരനിരയായി മുന്നോട്ടുനീങ്ങുന്ന മറ്റു വാഹനങ്ങളും അസ്തമനവുമെല്ലാം കണ്ട് തിരിച്ചെത്തുന്നവരെ കാത്തിരിക്കുന്നത് ഇമ്പമാർന്ന കലാപരിപാടികളും വിഭവസമൃദ്ധമായ സദ്യയും. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലുമാണ് കൂടുതൽ പേർ എത്തുന്നതെന്ന് രണ്ടു പതിറ്റാണ്ടായി അബുദാബിയിൽ ഈ രംഗത്ത് നിലയുറപ്പിച്ച തൃശൂർ വടക്കേക്കാട് സ്വദേശിയും ഡെസർട് റോസ് ടൂർസ് എംഡിയുമായ എൻഎച്ച് അൻഷാർ പറഞ്ഞു.
എന്നാൽ പ്രവൃത്തി ദിനങ്ങളിലും സഞ്ചാരികളെത്തുന്നുണ്ട്. ഈ നില തുടർന്നാൽ മാസങ്ങൾക്കകം നഷ്ടം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടൂർ ഓപറേറ്റർമാർ. വിനോദസഞ്ചാരികളാണ് സ്ഥിരം സന്ദർശകർ. കൂടാതെ മലയാളി കൂട്ടായ്മകൾ അടക്കം വിവിധ രാജ്യക്കാരുടെ പ്രത്യേക ആഘോഷങ്ങൾ, ഒത്തുചേരൽ, വാർഷിക പരിപാടി തുടങ്ങിയവയെല്ലാം മരുഭൂമിയിലാക്കിയതും ഇവർക്കു നേട്ടമായി. തുറസായ സ്ഥലങ്ങളിൽ പ്രകൃതിയോട് ചേർന്നുള്ള ആഘോഷം കുടുംബങ്ങൾക്കും ആവേശം പകർന്നു.