ദുബൈ: ദുബൈയിൽ(Dubai) വാരാന്ത്യത്തിലുണ്ടായ ഏഴ് വ്യത്യസ്ത വാഹനാപകടങ്ങളിൽ(road accidents) ഏഴ് പേർക്ക് ഗുരുതര പരിക്ക്. ഭൂരിഭാഗം വാഹനാപകടങ്ങളും ഗതാഗത നിയമലംഘനങ്ങൾ(traffic law violation) മൂലമാണുണ്ടായതെന്ന് ദുബൈ ട്രാഫിക് പൊലീസ് ജനറൽ വിഭാഗം ആക്ടിങ് ഡയറക്ടർ കേണൽ ജുമാ സാലിം ബിൻ സുവൈദാൻ പറഞ്ഞു.
വ്യാഴാഴ്ച ദുബൈ-അൽ ഐൻ റോഡിൽ ഔട്ട്‌ലെറ്റ് മാളിന് മുമ്പിലായിരുന്നു ആദ്യ അപകടം. വാഹനങ്ങൾ നിശ്ചിത അകലം പാലിക്കാത്തതിനാൽ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. കാറിന് കാര്യമായ കേടുപാടുകളും ഉണ്ടായി. ട്രക്കിന് നിസ്സാര കേടുപാടുകൾ മാത്രമേ സംഭവിച്ചുള്ളൂ. വ്യാഴാഴ്ച വൈകിട്ട് ഹെസ്സ റോഡിൽ മോട്ടോർസിറ്റി ക്രോസ് റോഡിൽ ഒരു മോട്ടോർ സൈക്കിൾ ചുവന്ന ലൈറ്റിൽ നിർത്തിയിട്ടിരുന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അടുത്ത അപകടമുണ്ടായത്. അപകടത്തിൽ മോട്ടോർ സൈക്കിൾ ഓടിച്ച ആൾക്ക് സാരമായ പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ഹാപ്പിനസ് റോഡിൽ ഒരു കാർ ഏഷ്യൻ വനിതയെ ഇടിച്ചു വീഴ്ത്തിയിരുന്നു. വനിതയ്ക്ക് ഗുരുതര പരിക്കേറ്റു.
അന്ന് രാവിലെ അവീർ റോഡിൽ ഡ്രാഗൻ മാർട്ടിന് മുമ്പിലായി നടന്ന നാലാമത്തെ അപകടത്തിൽ വാഹനം റോഡിൽ നിന്ന് തെന്നിമാറി സിമിന്റ് ബാരിയറിൽ ഇടിക്കുകയായിരുന്നു. സമാനമായ രീതിയിൽ മോട്ടോർ സൈക്കിൾ റോഡിൽ നിന്ന് തെന്നി മാറി സിമിന്റ് ബാരിയറിലിടിച്ചാണ് മറ്റൊരു അപകടമുണ്ടായത്. മോട്ടോർ സൈക്കിൾ ഓടിച്ചയാൾക്ക് ഗുരുതര പരിക്കേറ്റു.