തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ഒഴികെ 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്.
രാത്രിയോടെ മഴ ശക്തമാകാനാണ് സാധ്യത. ഇന്ന് രാത്രി മുതൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദ്ദേശം. തെക്കൻ- മധ്യ കേരളത്തിൽ കൂടുതൽ മഴ ലഭിക്കും.
നിലവിൽ കോമോറിൻ ഭാഗത്തുള്ള ചക്രവാതച്ചുഴി നാളെയോടെ അറബിക്കടലിലേക്ക് എത്തും. നാളെയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദവും രൂപപ്പെടും. പിന്നീട് ഇത് ശക്തിപ്രാപിച്ച് ഇന്ത്യൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദത്തിന്റെയും പ്രഭാവത്തിൽ കിഴക്കൻ കാറ്റ് സജീവമാകുന്നതിനാൽ മൂന്ന് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ കേരളത്തിൽ തുടരും.