തിരുവല്ല: വനിതാ സിപിഎം പ്രവർത്തകയോട് ബ്രാഞ്ച് സെക്രട്ടറി സജിമോനും ഡിവൈഎഫ്‌ഐ പ്രവർത്തകൻ(DYFI Activist) നാസറും സുഹൃത്തുക്കളും ചെയ്തത് കൊടും ക്രൂരത. ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധം കെടുത്തിയ ശേഷം നഗ്ന ചിത്രം പകർത്തുകയും ഭീഷണിക്ക് വഴങ്ങില്ലെന്ന് മനസ്സിലായതോടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. സജിമോനും നാസറുമാണ് ചിത്രങ്ങൾ പകർത്തിയത്. എന്നാൽ ബാക്കി പത്ത് പ്രതികൾ ചിത്രങ്ങൾ പ്രചരിപ്പിച്ചു. സംഭവത്തിൽ സജിമോൻ, നാസർ എന്നിവരുൾപ്പെടെ 12 പേർക്കെതിരെ പൊലീസ് കേസെടുത്തു.
വനിതാപ്രവർത്തകയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചവരിൽ വനിതാ കൗൺലിലറും ഉൾപ്പെടുന്നു. ഈ വർഷം മേയിലാണ് സംഭവം. പത്തനംതിട്ടയിലേക്കുള്ള യാത്രക്കിടെ കാറിൽവെച്ച് ലഹരിമരുന്ന് കലർത്തിയ ജ്യൂസ് നൽകി ബോധരഹിതയാക്കി നഗ്ന ചിത്രം പകർത്തി. പിന്നീട് ഈ ചിത്രം കാണിച്ച് ഇവരിൽ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. രണ്ട് ലക്ഷം രൂപയാണ് ഇരുവരും ആവശ്യപ്പെട്ടത്. പണം നൽകില്ലെന്ന് തീർത്ത് പറഞ്ഞതോടെ ദൃശ്യങ്ങൾ മറ്റുള്ളവർക്ക് കൈമാറി. ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിച്ചവരിൽ വനിതാ കൗൺസിലറും അഭിഭാഷകനും ഉൾപ്പെടുന്നു. ഇവർക്കെതിരെയും കേസെടുത്തു.
മുമ്പ് വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ് സജിമോൻ. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് യുവതി ആദ്യം പരാതി നൽകിയത്. എസ്പി തിരുവല്ല പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം ഉച്ചയോടെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം രാത്രിയോടെ കേസെടുത്തു.
പാർട്ടി ഘടകങ്ങളിൽ പരാതി കിട്ടിയാൽ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്ന് തിരുവല്ല സിപിഎം ഏരിയ സെക്രട്ടറി ഫ്രാൻസിസ് ബി ആന്റണി അറിയിച്ചു. മോശം ദൃശ്യങ്ങൾ പ്രചരിച്ചു എന്നാ മഹിളാ അസോസിയേഷന്റെ പരാതിയിൽ പീഡനത്തിന് ഇരയായ യുവതിയെ പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്തതാണെന്നും ഏരിയ സെക്രട്ടറി പ്രതികരിച്ചു.