ദില്ലി: ഒമിക്രോൺ (Omicron) ഭീഷണി നേരിടുന്ന അടിയന്തര സാഹചര്യം ചർച്ച ചെയ്യാൻ യോഗം വിളിച്ച് ദില്ലി സർക്കാർ. ഡിസാസ്റ്റർ മാനേജ്മെൻ്റ് അഥോറിറ്റിയുടെ യോഗം നാളെ ചേരും. അന്താരാഷ്ട്ര വിമാന സർവീസുകൾ തുടങ്ങുന്നതിൽ സർക്കാരിന് ആശങ്കയുണ്ട്. വ്യോമയാന മന്ത്രാലയ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
അതേസമയം, മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഒമിക്രോൺ വകഭേദം വെല്ലുവിളി ഉയർത്തുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്ക് പ്രധാന്യമേറും. ലോകത്ത് ഒമിക്രോൺ വകഭേദം ഉയർത്തുന്ന ഭീഷണിയെക്കുറിച്ചാകും പ്രധാനമായും മോദി മൻ കി ബാത്തിൽ പ്രതിപാദിക്കുക. രാജ്യത്ത് കൊവിഡ് ജാഗ്രത കൈവിടരുതെന്ന സന്ദേശം പ്രധാനമന്ത്രി നൽകുമെന്നാണ് പ്രതീക്ഷ.
പുതിയ കൊവിഡ് വകഭേദത്തിൽ പരിഭ്രാന്ത്രി വേണ്ടെന്ന് ഐസിഎംആർ അറിയിച്ചിട്ടുണ്ട്. ജാഗ്രത തുടർന്നാൽ മതി.അതിതീവ്ര വ്യാപനത്തിനുള്ള തെളിവുകൾ ഇതുവരെയില്ലവാക്സിനേഷൻ നടപടിയെ പുതിയസാഹചര്യം ബാധിക്കരുത് എന്നും ഐസിഎംആർ.ചില രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവ്വീസുകൾക്ക് ഇന്ത്യ നിയന്ത്രണം തുടർന്നേക്കും
കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിധ്യം സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനം പുനപരിശോധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. വിമാനത്താവളങ്ങളിൽ ഉൾപ്പടെ പരിശോധന കർശനമാക്കാൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജാഗ്രത നിർദേശം ലഭിച്ചതിന് പിന്നാലെ വിവിധ സംസ്‌ഥാനങ്ങളും വിദേശ യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഗുജറാത്ത്, മഹാരാഷ്ട്ര, ദില്ലി തുടങ്ങിയ ഇടങ്ങളിൽ എല്ലാം നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഇതിന് പുറമെ മുംബൈ വിമാനത്താവളത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തുന്നവർക്ക് ക്വാറൻറീനും ഏർപ്പെടുത്തി. ഉത്തരാഖണ്ഡ്, കർണാടക തുടങ്ങിയ സംസ്ഥാങ്ങളിലെല്ലാം സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രിമാർ പ്രത്യേകം യോഗം വിളിച്ചു ചേർത്തിരുന്നു.
















