നീതി ആയോഗ് തയ്യാറാക്കിയ ദരിദ്രരുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളം ആണെന്ന റിപ്പോർട്ട് മുഖ്യമന്ത്രിയും മറ്റും മന്ത്രിമാരും ചാനലുകളും ഉൾപ്പെടെ തെറ്റായാണ് പ്രചരിപ്പിച്ചത്. കേരളത്തിന്റെ ഈ നേട്ടം സ്വന്തം നേട്ടമായാണ് മുഖ്യമന്ത്രി ഉൾപ്പെടെ പ്രചരിപ്പിച്ചത്.
ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളിലെ ദാരിദ്ര്യം വിലയിരുത്തി നിതി ആയോഗ് തയ്യാറാക്കിയ ബഹുതല ദാരിദ്ര്യ സൂചികയാണ് (മള്‍ട്ടി ഡയമെന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡെക്‌സില്‍-എം.പി.ഐ) കേരളത്തിന്റെ നേട്ടം വ്യക്തമാക്കുന്നത്. ദരിദ്രര്‍ കൂടുതല്‍ ബിഹാറിലാണ്. വലിയ അന്തരമാണ് കേരളവും മറ്റ് സംസ്ഥാനങ്ങളും തമ്മില്‍ റിപ്പോർട്ട് പ്രകാരം ഉള്ളത്
മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുള്‍പ്പെടെ അനവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഈ നേട്ടത്തിന്റെ അടിത്തറ പാകി എന്നത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെ അവകാശവാദമുന്നയിച്ചു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FPinarayiVijayan%2Fposts%2F4647453485346445&show_text=true&width=500
അതീവ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമാക്കി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പുതിയ പദ്ധതികള്‍ കൂടി പ്രാവര്‍ത്തികമാകുന്നതോടെ നമ്മുടെ നാടില്‍ നിന്നും ദാരിദ്ര്യം തുടച്ചു നീക്കാന്‍ സാധിക്കും. ആ മഹത്തായ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിനായി ഏവരും ഒരുമിച്ചു നില്‍ക്കണം. അഭിമാനപൂര്‍വം ആത്മവിശ്വാസത്തോടെ നമുക്ക് മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്നാൽ യഥാർത്ഥത്തിൽ ഈ റിപ്പോർട്ട് പിണറായി വിജയൻ മുഖ്യമന്ത്രി ആയതിന് ശേഷമുള്ളത് അല്ല. പുറത്തിവിട്ടത് ഇപ്പോൾ ആണെങ്കിലും പരാമർശിച്ചിട്ടുള്ളത് 2015 – 16 കാലത്തെ കണക്കാണ്. അതായത് യുഡിഎഫ് കേരളം ഭരിക്കുന്ന സമയത്തെ കണക്കാണ് നിലവിൽ പുറത്തുവന്നത്. അന്ന് ഉമ്മൻ ചാണ്ടിയായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യമായി അധികാരത്തിലേറുന്നത് 2016-ലാണ്.
2019-20 ലെ കുടുംബാരോഗ്യ സര്‍വേ അഞ്ചിന്റെ ഫലവും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദാരിദ്ര്യ സൂചിക പട്ടിക പരിഷ്‌കരിക്കുമെന്ന് നീതി ആയോഗ് അറിയിച്ചു. ഒരുപക്ഷെ അപ്പോഴും കേരളം തന്നെ ആയിരിക്കാം ഒന്നാം സ്ഥാനത്ത്. എങ്കിലും നിലവിൽ പുറത്തുവിട്ട കണക്ക് എൽഡിഎഫ് സർക്കാരിന് അഭിമാനിക്കാനുള്ളതല്ല.
മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അവകാശപ്പെട്ടത് പോലെ, മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുള്‍പ്പെടെ അനവധി വെല്ലുവിളികള്‍ നേരിട്ടതിന് ശേഷമുള്ള കണക്ക് അല്ല ഇത്. ഇത് പ്രളയത്തിനും കോവിഡിനും എല്ലാം മുൻപുള്ള കണക്കാണ്.
റിപ്പോർട്ട് പ്രകാരം കേരളത്തില്‍ ദരിദ്രരുടെ ശതമാനം 0.71 ആണ്, 10,000 ത്തില്‍ 71 പേര്‍. അതേസമയം, ബിഹാറില്‍ ജനസംഖ്യയുടെ 51.91 ശതമാനവും ജാര്‍ഖണ്ഡില്‍ 42.16 ശതമാനവും യു.പി.യില്‍ 37.79 ശതമാനവും ദരിദ്രവിഭാഗത്തിലാണ്. കേരളം കഴിഞ്ഞാല്‍ പാവപ്പെട്ടവര്‍ കുറവ് ഗോവയിലാണ് -3.76 ശതമാനം. അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടില്‍ 4.89 ശതമാനവും കര്‍ണാടകത്തില്‍ 13.16 ശതമാനവും ദരിദ്രരുണ്ട്.
കേരളത്തില്‍ ദരിദ്രരുടെ ശതമാനം 0.71 എന്ന കണക്ക് 2019-20 കാലത്തെ കണക്ക് നിലനിർത്താൻ ആവുമോ എന്ന ചോദ്യവുമുയരുന്നുണ്ട്. നിരവധി പ്രകൃതിക്ഷോഭങ്ങളും കോവിഡും ജനങ്ങളുടെ ജീവിതത്തെ ഏറെ താറുമാറാക്കിയിട്ടുണ്ട്. ജോലി നഷ്ടവും വരുമാന നഷ്ടവും കിടപ്പാട നഷ്ടവും ഏറെ സംഭവിച്ച ഇക്കാലത്ത് ദരിദ്രരുടെ എണ്ണം വർധിക്കാനാണ് സാധ്യത.
ചുരുക്കത്തിൽ, നീതി ആയോഗ് റിപ്പോർട്ട് പ്രകാരമുള്ള കേരളത്തിലെ ദരിദ്ര കുറവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റെ നേട്ടമെന്ന തരത്തിൽ പ്രചരിപ്പിച്ചത് തെറ്റാണ്. പുറത്തുവിട്ട റിപ്പോർട്ട് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ കാലത്തുള്ളതാണ്.