ലണ്ടൻ:ഇറ്റലിയിലും കോവിഡ് വൈറസിന്‍റെ പുതിയ വകഭേദമായ ഒമൈക്രോൺ സ്ഥിരീകരിച്ചു. മൊസാംബിക്കിൽനിന്ന് മിലാനിൽ മടങ്ങിയെത്തിയ യുവാവിലാണ് പുതിയ വകഭേദം കണ്ടെത്തിയതെന്ന് ഇറ്റലിയിലെ നാഷനൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
നമീബിയയിൽനിന്ന് തിരിച്ചെത്തിയ ഒരാളിൽ ഒമൈക്രോൺ സംശയിക്കുന്നതായും വിദഗ്ധ പരിശോധന തുടരുകയാണെന്നും ഡെച്ച് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കൂടാതെ, ദക്ഷിണാഫ്രിക്കയിൽനിന്ന് രണ്ടു വിമാനങ്ങളിലായി നെതർലൻഡ്സിലെത്തിയ 61 യാത്രക്കാരിൽ പലർക്കും രോഗലക്ഷണങ്ങളുണ്ട്. ഇവരെയും പരിശോധിച്ചുവരികയാണ്.
അതേസമയം, പുതിയ വൈറസ് വകഭേദം ഭീതി ഉയർത്തുന്ന പശ്ചാത്തലത്തിൽ അതിർത്തികൾ പൂർണമായി അടക്കാനുള്ള തയാറെടുപ്പിലാണ് ഇസ്രായേൽ. രാജ്യത്തേക്ക് വിദേശികൾ പ്രവേശിക്കുന്നത് പൂർണമായി വിലക്കും. വിദേശികൾക്ക് വിലക്കേർപ്പെടുത്താനുള്ള നിർദേശം സർക്കാറിന്‍റെ പരിഗണനയിലാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അറിയിച്ചു.