കൊച്ചി: മിസ് കേരളയുൾപ്പെടെ കൊല്ലപ്പെടാൻ ഇടയാക്കിയ വാഹനാപകടത്തിൽ പോലീസിന്റെ കസ്റ്റഡിയിലായ സൈജു തങ്കച്ചനെ ഇന്ന് ജില്ല ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം അറസ്റ്റിലായ സൈജുവിനെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡയിൽ വിട്ടിരുന്നു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു സൈജുവിനെ ഹാജരാക്കിയത്. കേസിലെ രണ്ടാം പ്രതിയാണിയാൾ.
മോഡലുകളെ പിന്തുടരാൻ ഉപയോഗിച്ച ഔഡി കാർ കസ്റ്റഡിയിലെടുത്ത് കൂടുതൽ പരിശോധന നടത്തും. കേസിലെ പ്രതി അബ്ദുറഹ്‌മാനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. പ്രധാന തെളിവായ ഹാർഡ് ഡിസ്‌ക്ക് വീണ്ടെടുക്കാനാകാത്ത സാഹചര്യത്തിൽ കേസിൽ സൈജുവിന്റെ മൊഴി നിർണായകമാണ്. മൂന്ന് ദിവസത്തിനുള്ളിൽ സൈജുവിൽ നിന്നും പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് പൊലിസ് ലക്ഷ്യം.മോഡലുകളെ പിന്തുടരാൻ സൈജു ഉപയോഗിച്ച ഔഡി കാർ കസ്റ്റഡിയിലെടുക്കുകയാണ് ആദ്യ നടപടി. ശേഷം നന്പർ 18 ഹോട്ടലിൽ എത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തും. സൈജു താമസിച്ചിരുന്ന ഫ്‌ളാറ്റിലും തെളിവെടുപ്പ് നടത്താൻ സാധ്യതയുണ്ട്.
സ്ത്രീകളെ അനുവാദമില്ലാതെ പിന്തുടർന്നു, നരഹത്യ എന്നീ വകുപ്പുകൾ ചുമത്തിയാണ് സൈജു തങ്കച്ചന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവ ശേഷം ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ വെള്ളിയാഴ്ച രാവിലെയോടെയാണ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്.