തൃശൂർ: കുതിരാനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും. ഇക്കാര്യത്തിൽ തൃശ്ശൂർ, പാലക്കാട് , എറണാകുളം കളക്ടർമാർ യോഗം ചേർന്ന് ഉടൻ തീരുമാനമെടുക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു(k rajan). രണ്ടാം തുരങ്കം അടുത്ത വർഷമാദ്യം തുറക്കുമെന്നും മന്ത്രി പറഞ്ഞു .
രണ്ടാം തുരങ്കത്തിലേക്കുള്ള റോഡ് നിർമ്മിക്കാൻ പാലക്കാട് ഭാഗത്തേക്ക് വാഹനങ്ങൾ പോകുന്ന റോഡ് പൊളിച്ചു നീക്കേണ്ടതുണ്ട്. ഇതിനായാണ് ഒരു തുരങ്കത്തിലൂടെ തന്നെ രണ്ട് ഭാഗത്തേക്കും വാഹനങ്ങൾ കടത്തി വിടുന്നത്. ഇതിന്റെ ട്രയൽ റൺ നടപ്പാക്കിയ മൂന്ന് ദിവസങ്ങളിലും മണിക്കൂറുകൾ നീണ്ട കുരുക്കാണ് കുതിരാനിൽ. കഴിഞ്ഞ ദിവസം താണിപ്പാടം വരെ നാല് കിലോമീറ്ററോളം ദൂരം വാഹനങ്ങൾ കുടുങ്ങിക്കിടന്നു. വൈകീട്ട് നാല് മണി മുതൽ 8 മണി വരെ ചരക്ക് വാഹനങ്ങൾ നിയന്ത്രിക്കാനാണ് ആലോചന.ഗതാഗത നിയന്ത്രണം അടുത്ത മൂന്നു മാസമെങ്കിലും തുടരും. അടുത്ത മാർച്ച് മാസത്തോടെ ദേശീയ പാത പൂർണ ഗതാഗത യോഗ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.

















