കൊൽക്കത്ത: ഐഎസ്എല്ലിലെ(ISL) കൊൽക്കത്ത ഡെർബിയിൽ ഈസ്റ്റ് ബംഗാളിനെ(East Bengal) തരിപ്പണമാക്കി എ ടി കെ മോഹൻ ബഗാൻ(ATK Mohun Bagan). എതിരില്ലാത്ത നാലു ഗോളിനായിരുന്നു എടികെയുടെ ജയം. ആദ്യ പകുതിയിലായിരുന്നു മൂന്നു ഗോളുകളും. റോയ് കൃഷ്ണ(Roy Krishna), മൻവീർ സിംഗ്(Manvir Singh), ലിസ്റ്റൺ കൊളാക്കോ(Liston Colaco) എന്നിവരാണ് എടികെക്കായി ലക്ഷ്യം കണ്ടത്. ജയത്തോടെ രണ്ട് കളികളിൽ രണ്ടു ജയവും ആറു പോയൻറുമായി മോഹൻ ബഗാൻ പോയൻറ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.
കളിയുടെ ആദ്യ മിനിറ്റുകളിൽ ഈസ്റ്റ് ബംഗാളായിരുന്നു ആക്രമണം തുടങ്ങിയത്. എന്നാൽ വൈകാതെ കളം പിടിച്ച എടിതെ ഒമ്പതാം മിനിറ്റിൽ തന്നെ ഗോളിലേക്ക് ലക്ഷ്യം വെച്ചു. റോയ് കൃഷ്ണയുടെ ഷോട്ട് പക്ഷെ ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ അരിന്ദം ഭട്ടചാര്യ രക്ഷപ്പെടുത്തി. എന്നാൽ ഈസ്റ്റ് ബംഗാളിൻറെ ആശ്വാസത്തിന് അധികം ആയുസുണ്ടായില്ല. പ്രീതം കോടാലിൻറെ പാസിൽ നിന്ന് റോയ് കൃഷ്ണ തന്നെ ബഗാനെ മുന്നിലെത്തിച്ചു.
ആദ്യ ഗോളിൻറെ വിജയാഘോഷം തീരും മുമ്പ് ബഗാൻ രണ്ടാമതും ലക്ഷ്യം കണ്ടു. പതിനാലാം മിനിറ്റിൽ പന്ത് ക്ലിയർ ചെയ്യുന്നതിൽ ഈസ്റ്റ് ബംഗാൾ പ്രതിരോധം കാട്ടിയ അലംഭാവത്തിൽ നിന്ന് അവസരം മുതലാക്കിയ മൻവീർ സിംഗ് ബഗാനെ രണ്ടടി മുന്നിലെത്തിച്ചു. പതിനെട്ടാം മിനിറ്റിൽ ലിസ്റ്റൺ കൊളാക്കോയെ ഈസ്റ്റ് ബംഗാൾ ബോക്സിനുള്ളിൽ വീഴ്ത്തിയെങ്കിലും റഫറി പെനൽറ്റി അനുവദിച്ചില്ല.
എന്നാൽ നാലു മിനിറ്റിനകം ലിസ്റ്റൻ കൊളാക്കോ ഈസ്റ്റ് ബംഗാളിൻറെ വലയിൽ പന്തെത്തിച്ച് ബഗാന് മൂന്നാം ഗോൾ സമ്മാനിച്ചു. പന്ത് ക്ലിയർ ചെയ്യുന്നതിൽ ഈസ്റ്റ് ബംഗാൾ ഗോൾ കീപ്പർക്ക് പിഴച്ചപ്പോൾ ഓടിയെത്തിയ ലിസ്റ്റൺ കൊളാക്കോ ഒഴിഞ്ഞ വലയിൽ പന്തെത്തിച്ച് ബഗാനെ മൂന്നടി മുന്നിലാക്കി. 28-ാം മിനിറ്റിൽ മൻവീറിൻറെ ഗോളെന്നുറച്ച ഷോട്ട് അരിന്ദം അത്ഭുകതരമായി രക്ഷപ്പെടുത്തി.
33-ാം മിനിറ്റിൽ പരിക്കേറ്റ അരിന്ദം ഭട്ടചാര്യക്ക് പകരം സുവം സെൻ ഗോൾവല കാക്കാനെത്തി. ആദ്യ പകുതിയിൽ കൂടുതൽ ഗോൾ വഴങ്ങാതെ സുവം സെൻ ഈസ്റ്റ് ബംഗാളിനെ കാത്തു. രണ്ടാം പകുതിയിലും എടികെയുടെ ആക്രമണങ്ങളായിരുന്നു കൂടുതലും. രണ്ടാം പകുതിയിൽ ആദ്യപകുതിയേക്കാൾ ആക്രമണോത്സുകത ഈസ്റ്റ് ബംഗാൾ പുറത്തെടുത്തെങ്കിലും അതൊന്നും ഗോളിലേക്കുള്ള വഴി തുറന്നില്ല.