തിരുവനന്തപുരം: അശ്ലീലചുവയോടെ സംസാരിച്ചെന്ന ജീവനക്കാരിയുടെ പരാതിയിൽ ജിവി രാജ സ്പോർട്സ് സ്കൂൾ പ്രിൻസിപ്പൽ പ്രദീപ് സി എസിനെ സസ്പെൻഡ് ചെയ്തു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രിയുടെ ഉത്തരവ്.
ലൈംഗികതാല്പര്യത്തോടെ രാത്രി വിളിച്ച് ശല്യപ്പെടുത്തുന്നുവെന്നും, മാനസികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്നുമായിരുന്നു പ്രദീപിനെതിരായ ഉത്തരേന്ത്യക്കാരിയായ ജീവനക്കാരിയുടെ പരാതി. കഴിഞ്ഞ മാസം 30 നാണ് വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയത്. ഇതിന് പിന്നാലെ വകുപ്പിലെ പ്രത്യേക സംഘം അന്വേഷണം നടത്തി. പ്രദീപിനെ സസ്പെൻഡ് ചെയ്യണമെന്നും വകുപ്പ്തല അന്വേഷണം നടത്തണമെന്നുമാണ് അന്വേഷണ റിപ്പോർട്ടിലെ ശുപാർശ. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്ത് മന്ത്രി ഉത്തരവിട്ടത്. പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിക്ക് വകുപ്പുതല അന്വേഷണ ചുമതലയും നൽകി.