വാഷിങ്ടൺ: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമൈക്രോൺ വകഭേദത്തിൽ വിറച്ച് ലോകം.ഇതേതുടർന്ന് യു.എസ്, യു.കെ തുടങ്ങി നിരവധി യുറോപ്യൻ രാജ്യങ്ങൾ യാത്രവിലക്കുമായി രംഗത്തെത്തിയിട്ടുണ്ട്.ദക്ഷിണാഫ്രിക്ക, ബെൽജിയം, ബോട്സ്വാന, ഇസ്രായേൽ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളിലാണ് കോവിഡിന്‍റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തത്. ആദ്യം കണ്ടെത്തിയ കൊറോണ വൈറസിന്‍റെ സ്പൈക്ക് പ്രോട്ടീനിൽ നിന്നും തീർത്തും വിഭിന്നമാണ് ഒമൈക്രോൺ. അതുകൊണ്ട് ഒമൈക്രോണിൽ ആശങ്ക വേണമെന്ന് യു.കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകുന്നു. നിലവിലുള്ള വാക്സിനുകൾ ഒമൈക്രോണിനെതിരെ ഫലപ്രദമാവുമോയെന്നും ആശങ്കയുണ്ട്.
അതേസമയം ഒമൈക്രോൺ ആശങ്ക ഓഹരി വിപണികളിലേക്കും പടരുകയാണ്. യു.എസ് ഓഹരി സൂചികയായ ഡൗൺ ജോൺസ് 2.5 ശതമാനം നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. യുറോപ്യൻ ഓഹരികൾ 17 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. ആഡംബര കപ്പൽ സർവീസ് നടത്തുന്ന കമ്പനികളുടേയും വിമാന കമ്പനികളുടേയും ഓഹരികൾക്ക് യു.എസ് വിപണിയിൽ വലിയ തിരിച്ചടിയേറ്റു. എത്രയും പെട്ടെന്ന് കൂടുതൽ പേർക്ക് വാക്സിൻ നൽകി പുതിയ കോവിഡ് വകഭേദത്തെ പ്രതിരോധിക്കാൻ ശ്രമിക്കണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ ആവശ്യപ്പെടുന്നത്.