മഡ്ഗാവ്: ഐഎസ്എല്‍ ഫുട്ബോളില്‍ ആതിഥേയരായ ഗോവയ്ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ജംഷഡ്പുര്‍ എഫ്സി ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഗോവയെ തകര്‍ത്തു.
നെരിജീസ് വാല്‍സ്കിസിന്റെ ഇരട്ട ഗോളാണ് ജംഷഡ്പുരിന് വിജയമൊരുക്കിയത്. ജോര്‍ദാന്‍ മുറേയും വിജയികള്‍ക്കായി ലക്ഷ്യം കണ്ടു. എയ്റാം കബ്രേറയാണ് ഗോവയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു നാല് ഗോളുകളും. 51-ാം മിനിറ്റില്‍ വാല്‍സ്കിസിന്റെ ഗോളിലൂടെ ജംഷഡ്പുര്‍ ലീഡെടുത്തു. പത്ത് മിനിറ്റിന് ശേഷം വാല്‍സ്കിസ് വീണ്ടും ലക്ഷ്യം കണ്ടു. 80-ാം മിനിറ്റില്‍ മുറേയിലൂടെ ജംഷ്ഡ്പുര്‍ ലീഡ് മൂന്നാക്കി. നിശ്ചിത സമയത്തിന് നാല് മിനിറ്റ് ശേഷിക്കെ കബ്രേറ ഗോവയുടെ ഗോള്‍ കണ്ടെത്തി.
രണ്ട് കളികളിൽ ഒരു ജയവും ഒരു സമനിലയുമായി പോയിന്റ് പട്ടികയിൽ ഒന്നാമതാണ് ജംഷഡ്പുർ. കളിച്ച രണ്ട് മത്സരവും തോറ്റ ഗോവ അവസാന സ്ഥാനത്താണ്.