ബ്രസ്സൽസ്: കോവിഡിന്‍റെ അത്യധികം അപകടകാരിയായ പുതിയ വകഭേദം യൂറോപ്പിലും. ബെൽജിയത്തിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ബാധയുണ്ടായ വ്യക്തി ഇതിന് മുമ്പ് കൊറോണ ബാധിതനായിട്ടില്ലെന്നും വാക്‌സിനെടുത്തിട്ടില്ലെന്നുമാണ് റിപ്പോർട്ട്. നവംബർ 22നാണ് ഇയാൾ പോസിറ്റീവായത്. നവംബർ 11ന് ഇയാൾ ഈജിപ്തിൽ നിന്നും എത്തിയതായിരുന്നു. ഇതിന് പിന്നാലെയാണ് രോഗബാധ.
പുതിയ സാഹചര്യത്തിൽ വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ആഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കൂടുതൽ രാജ്യങ്ങൾ വിലക്കേർപ്പെടുത്തി. യുകെ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, ജപ്പാൻ,സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് വിലക്കേർപ്പെടുത്തിയത്.
ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ബോട്‌സ്വാന എന്നീ മൂന്ന് രാജ്യങ്ങളിലാണ് ഇതിന് മുമ്പ് പുതിയ വകഭേദം റിപ്പോർട്ട് ചെയ്തത്. ബി.1.1529 എന്നാണ് വൈറസിന്റെ ജനിതകമാറ്റം വന്ന രൂപത്തിന് പേരിട്ടിരിക്കുന്നത്. യൂറോപ്പിൽ കൂടി ബി.1.1529 വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രാജ്യം അതീവ ജാഗ്രത പാലിക്കണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം.
ബി.1.1529 എന്ന് വിളിക്കുന്ന പുതിയ വകഭേദം ബോട്സ്വാനയിലാണ് ആദ്യം കണ്ടെത്തിയത്. ബോട്സ്വാനയിൽ മൂന്ന് രോഗികളും ആറ് പേർ ദക്ഷിണാഫ്രിക്കയിലും ഒരാൾ ഹോങ്കോങ്ങിലും ചികിത്സയിലാണ്.
അതേസമയം, കോവിഡിന്‍റെ പുതിയ വകഭേദത്തെ കുറിച്ച് ചർച്ച ചെയ്യാന്‍ ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേരും. വ്യാപനശേഷിയും തീവ്രതയും കൂടിയതാണ് ഇപ്പോള്‍ കണ്ടെത്തിയ ദക്ഷിണാഫ്രിക്കന്‍ വകഭേദമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.