കൊച്ചി: കൊച്ചിയിൽ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസിൽ ഓഡി കാറിന്റെ ഡ്രൈവർ സൈജു തങ്കച്ചൻ അറസ്റ്റിൽ. നമ്പർ 18 ഹോട്ടലിൽ നിന്നിറങ്ങിയ മോഡലുകളെ പിന്തുടർന്നത് സൈജു തങ്കച്ചനായിരുന്നു. മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് മുന്നറിയിപ്പ് നൽകാനാണ് താൻ മോഡലുകളെ പിന്തുടർന്നത് എന്നായിരുന്നു സൈജുവിന്‍റെ അവകാശവാദം. എന്നാൽ, ഇത് വിശ്വസിക്കാതെയാണ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. (models saiju thankachan arrested)
നരഹത്യ, സ്ത്രീകളെ അനുവാദം കൂടാതെ പിന്തുടരൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ആദ്യം ചോദ്യം ചെയല്ലിനു ശേഷം ഇയാൾ ഒളിവില്‍ പോയിരുന്നു. പിന്നീട് മുന്‍കൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ഇത് തീർപ്പായതോടെ നേരിട്ട് ഹാജരാകാന്‍ പൊലീസ് നോട്ടിസ് നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അഭിഭാഷകര്‍ക്കോപ്പം കളമശേരി മെട്രോ പൊലീസ് സ്റ്റേഷനിലെത്തിയത്. സൈജുവിനെ ആറ് മണിക്കൂറുകളോളം ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്
ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലില്‍ നിന്ന് മോഡലുകള്‍ ഉള്‍പ്പെടെ നാലംഗം മടങ്ങിയപ്പോൾ സൈജുവും കാറില്‍ പിന്തുടരുകയായിരുന്നു. കുണ്ടന്നൂർ വരെ സാധാരണ വേഗതയിലാണ് കാറുകള്‍ സഞ്ചരിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ സൈജു പിന്തുടരുന്നത് കണ്ട് കുണ്ടന്നൂരിൽ വെച്ച് മോഡലുകള്‍ സഞ്ചരിച്ച കാറിലെ ഡ്രൈവർ അബ്ദു റഹ്മാന്‍ കാര്‍ നിര്‍ത്തി. ഇവിടെ വെച്ച് സൈജുവുമായി തര്‍ക്കമുണ്ടായി.ഇതിന് ശേഷമാണ് ഇരുകാറുകളും അമിത വേഗതയില്‍ പായുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പല തവണ ഓവര്‍ടേക് ചെയ്തു. ഇതാണ് അപകടത്തിനിടയാക്കിയതെന്നും പൊലീസ് പറയുന്നു. സൈജുവിനെ നാളെ കോടതിയില്‍ ഹാജരാക്കും .
ഇതിനിടെ ഫോർട്ടുകൊച്ചിയിൽ ഡി ജെ പാർട്ടി നടന്ന നമ്പർ 18 ഹോട്ടൽ ജീവനക്കാർ കായലിൽ തള്ളിയ ഒരു ഹാർഡ് ഡിസ്‌ക് മത്സ്യതൊഴിലാളികൾക്ക് ലഭിച്ചതായി വിവരം ലഭിച്ചിരുന്നു . ദേശീയപാതയിൽ മുൻ മിസ് കേരള ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവത്തിലെ നിർണായക തെളിവാണ് ഈ ഹാർഡ് ഡിസ്‌ക്. മീൻപിടിക്കാനിട്ട വലയിലാണ് ഹാർഡ് ഡിസ്‌ക് കുടുങ്ങിയത്. ഡിവിആറാണെന്ന് മനസിലാകാതെ, ലഭിച്ച ഇലക്ട്രോണിക് വസ്തു കായലിൽ തന്നെ ഉപേക്ഷിച്ചതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന മൊഴി. തിങ്കളാഴ്ചയായിരുന്നു സംഭവം. ഹാർഡ് ഡിസ്‌ക് കണ്ടെത്താനായി ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് സമീപം കായലിൽ സ്‌കൂബ ഡൈവിങ് സംഘത്തെ ഇറക്കി പോലീസ് തിരച്ചിൽ നടത്തിയിരുന്നു.
നമ്പർ 18 ഹോട്ടൽ ഉടമയ്ക്കെതിരെ വിശദമായ അന്വേഷണമാണ് പെൺകുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. റോയ് വയലാട്ടിലിനെതിരെയും ഇവരുടെ വാഹനത്തെ പിന്തുടർന്ന സൈജുവിനെതിരെയും വിശദമായ അന്വേഷണം വേണമെന്ന് മരിച്ച അഞ്ജനാ ഷാജൻറെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. കാണാതായ ഹാർഡ് ഡിസ്ക് കണ്ടെത്തി സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്നാണ് മരിച്ച അൻസി കബീറിൻറെ കുടുംബത്തിൻറെ ആവശ്യം.