തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ സമയം (class time) വൈകീട്ട് വരെ നീട്ടണമെന്ന് വിദ്യാഭ്യാസവകുപ്പ് (education department). ഇക്കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ ആവശ്യം മുഖ്യമന്ത്രിക്ക് മുന്നിൽ വയ്ക്കാൻ തീരുമാനിച്ചത്.
നവംബർ ഒന്നിനാണ് സംസ്ഥാനത്തെ സ്കൂളുകളിൽ വീണ്ടും അധ്യയനം ആരംഭിച്ചത്. എന്നാൽ ഉച്ചവരെ ക്ലാസുകൾ നടത്തിയാൽ സിലബസ് മൊത്തം പഠിപ്പിച്ചു തീർക്കാൻ സാധിക്കില്ലെന്നാണ് വിദ്യാഭ്യാസവകുപ്പിൻ്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഒന്നിടവിട്ട ദിവസങ്ങളിലെല്ലാം ക്ലാസുകളും ബാച്ചുകളും തുടരാനാണ് സാധ്യത. നിലവിൽ പലബാച്ചുകളിലായി ബയോബബിൾ സംവിധാനത്തിലാണ് ക്ലാസുകൾ നടക്കുന്നത്.
പരീക്ഷകൾക്കായി വിദ്യാർത്ഥികൾ പഠിക്കേണ്ട ഫോക്കസ് ഏരിയ നിശ്ചയിക്കാനും തീരുമാനമായിട്ടുണ്ട്. പ്ലസ് വൺ സീറ്റ് ക്ഷാമം തീർക്കാൻ സീറ്റ് കുറവുള്ള ജില്ലകളിൽ താത്കാലിക ബാച്ചുകൾ അനുവദിക്കുന്ന വിഷയവും ഇന്ന് ചേർന്ന യോഗത്തിൽ ചർച്ചയായി. സീറ്റ് ക്ഷാമമുള്ള ജില്ലകളിൽ താത്കാലിക ബാച്ചുകൾ ആദ്യം അനുവദിക്കാനാണ് സാധ്യത. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് കൂടുതലായി പ്ലസ് വൺ അധികബാച്ചുകൾ അനുവദിക്കേണ്ടത്. തൃശ്ശൂർ പോലെ ചില ജില്ലകളിൽ നാമമാത്രമായ ബാച്ച് വർധനയിലൂടെ സീറ്റ് ക്ഷാമം തീർക്കാനാവും എന്നാണ് വിദ്യാഭ്യാസവകുപ്പിൻ്റെ കണക്കുകൂട്ടൽ.