ഷാർജ: യുഎഇയിൽ പഴങ്ങളും പച്ചക്കറികളും കയറ്റിയ ട്രക്ക് അപകടത്തിൽപെട്ട് (Truck accident) ഡ്രൈവർക്ക് ഗുരുതര പരിക്ക് (Critically injured). ബുധനാഴ്‍ച ഉച്ചയ്ക്ക് ശേഷം മംസർ കോർണിഷ് സ്‍ക്വയറിലായിരുന്നു (Mamzar Corniche Square) അപകടം. വാഹനം പലതവണ മറിഞ്ഞതായി പൊലീസ് അറിയിച്ചു. 26 വയസുകാരനായ പ്രവാസിക്കാണ് പരിക്കേറ്റത്.
വാഹനത്തിന്റെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. പച്ചക്കറികളും പഴങ്ങളും റോഡിൽ ചിതറി വീണതിനെ തുടർന്ന് റോഡിൽ ഏറെനേരെ ഗതാഗതക്കുരുക്കുമുണ്ടായി. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയ്‍ക്ക് ശേഷം 1.45നാണ് അപകടം സംബന്ധിച്ച് തങ്ങൾക്ക് വിവരം ലഭിച്ചതെന്ന് ഷാർജ പൊലീസ് ജനറൽ കമാൻഡ് ട്രാഫിക് ആന്റ് പട്രോൾസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ലഫ്. കേണൽ ഉമർ ബുഗാനിം പറഞ്ഞു. വാഹനത്തിലെ ലോഡ് നിയമപരമായ പരിധിക്കുള്ളിയാരുന്നുവെങ്കിലും അമിത വേഗത കാരണം നിയന്ത്രണം നഷ്‍ടമായ വാഹനം പലതവണ മറിയുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡ്രൈവർമാർ റോഡിൽ ജാഗ്രത പാലിക്കണമെന്നും വേഗ പരിധി ശ്രദ്ധിക്കണമെന്നും പൊലീസ് അധികൃതർ മുന്നറിയിപ്പ് നൽകി.