തിരുവനന്തപുരം: ഒടുവില്‍ കുഞ്ഞ് അനുപമയുടെ കൈകളില്‍. തിരുവനന്തപുരം കുടുംബക്കോടതി മുമ്പാകെയാണ് കുട്ടിയെ കൈമാറിയത്. കുട്ടിയുടെ വൈദ്യപരിശോധന കുടുംബക്കോടതിയില്‍ തന്നെ നടത്തി. ജഡ്ജിയുടെ ചേംബറില്‍ വച്ചാണ് പരിശോധന നടന്നത്. അനുപമയുടെ സാന്നിധ്യത്തിലായിരുന്നു വൈദ്യപരിശോധന. അതിനുശേഷമാണ് അനുപമയ്ക്ക് കുഞ്ഞിനെ കൈമാറിയത്.
കുഞ്ഞിനെ തിരുവനന്തപുരം കുടുംബ കോടതിയില്‍ എത്തിച്ച ശേഷമായിരുന്നു വിധി. സി ഡബ്ല്യു സി അധ്യക്ഷയും കോടതിയില്‍ എത്തിയിരുന്നു. കുഞ്ഞിനെ എത്തിക്കാന്‍ കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെയായിരുന്നു അസാധാരണ നടപടി. ഡിഎന്‍എ പരിശോധനാഫലം തിരുവനന്തപുരം കുടുംബക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ഡിഎന്‍എ പരിശോധന ഫലം പോസിറ്റീവായ സാഹചര്യത്തില്‍ കുഞ്ഞിനെ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് അനുപമ ഹര്‍ജി നല്‍കിയിരുന്നു. സി ഡബ്ള്യു സി നേരത്തെ നല്കിയ ദത്ത് നടപടി റദ്ദ് ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. അനുപമയും അജിത്തും നേരിട്ടാണ് കോടതിയിൽ ഹാജരായത്.
ദത്ത് നൽകിയ സംഭവത്തിൽ ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ സിഡബ്ള്യുസി കോടതിയിൽ ഹാജരാക്കിയിരുന്നു. ജില്ലാ ഗവൺമെന്റ് പ്ലീഡർ മുഖേനെയാണ് വഞ്ചിയൂർ കുടുംബ കോടതിയിൽ റിപ്പോർട്ടുകൾ സമർപ്പിച്ചത്. കേസ് ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയും നൽകിയിരുന്നു.