ദോഹ : ഖത്തറിലെ സാംസ്‌കാരിക പൈതൃകകേന്ദ്രമായ ഖത്താറയിൽ അരങ്ങേറുന്ന ഉരു പ്രദർശനമേള നവംബർ 30 ന് ആരംഭിക്കും. മേളയുടെ പതിനൊന്നാം പതിപ്പാണ് ഇക്കുറി നടക്കുന്നത്. ഫിഫ അറബ് കപ്പിനോട് അനുബന്ധിച്ചാണ് മേള നടക്കുകയെന്ന് സംഘാടകർ അറിയിച്ചു. ഖത്തറിന്റെ നാവികപ്പെരുമയിലേക്ക് വെളിച്ചം വീശുന്ന നിരവധി പരിപാടികളും മേളയിൽ അവതരിപ്പിക്കപ്പെടും.
പത്തോളം രാജ്യങ്ങളിൽ നിന്നുള്ള ഉരുകളാണ് മേളയിൽ പ്രദർശനത്തിന് ഉണ്ടാവുക. ഖത്തറിനും ഇന്ത്യക്കും പുറമെ കുവൈത്ത്, ഒമാൻ, സൗദി, ഇറാഖ്, ഇറാൻ, ഗ്രീസ്, സാനിബ്സർ, തുർക്കി എന്നീ രാജ്യങ്ങളും മേളയുടെ ഭാഗമാകും. ഡിസംബർ 18 വരെ നീണ്ടുനിൽക്കുന്ന മേളയിൽ രാവിലെ ഒൻപത് മുതൽ പന്ത്രണ്ട് മണി വരെയും, വൈകീട്ട് മൂന്ന് മുതൽ പത്ത് മണിവരെയും സന്ദർശകർക്ക് പ്രവേശിക്കാം. വാരാന്ത്യങ്ങളിൽ 11 മണിവരെ മേള തുറന്ന് പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു. പതിവ് കലാപരിപാടികൾക്കൊപ്പം മീൻപിടുത്തമത്സരം അടക്കം ഒരുപിടി വ്യത്യസ്ത മത്സരങ്ങളും ഇക്കുറി മേളയുടെ ഭാഗമായി ഉണ്ടാവും.