ബേസിൽ ജോസഫിൻറെ (Basil Joseph) കഴിഞ്ഞ ചിത്രമായ ഗോദയിലെ ഗാനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ‘ആരോ നെഞ്ചിൽ’ അടക്കം ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ച ഗാനങ്ങളുടെ സംഗീത സംവിധാനം ഷാൻ റഹ്മാൻ (Shaan Rahman) ആയിരുന്നു. ഡയറക്റ്റ് ഒടിടി റിലീസ് ആയി അടുത്ത മാസം പുറത്തിറങ്ങാനിരിക്കുന്ന ബേസിലിൻറെ പുതിയ ചിത്രം മിന്നൽ മുരളിക്ക് (Minnal Murali) സംഗീതം പകർന്നിരിക്കുന്നത് ഷാൻ റഹ്മാനും സുഷിൻ ശ്യാമുമാണ്. ചിത്രത്തിൽ ഷാൻ ഈണം പകർന്ന ഒരു ഗാനം പുറത്തെത്തിയിരിക്കുകയാണ്.
‘ഉയിരേ ഒരു ജന്മം നിന്നേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. നാരായണി ഗോപനും മിഥുൻ ജയരാജും ചേർന്നാണ് പാടിയിരിക്കുന്നത്. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം നെറ്റ്ഫ്ളിക്സിൻറെ ക്രിസ്‍മസ് റിലീസ് ആണ്. ഡിസംബർ 24നാണ് റിലീസ്.
സമീർ താഹിർ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൻറെ ആക്ഷൻ ഡയറക്ടർ വ്ളാദ് റിംബർഗ് ആണ്. സ്റ്റണ്ട്സ് സുപ്രീം സുന്ദർ. പശ്ചാത്തല സംഗീതം സുഷിൻ ശ്യാം. എഡിറ്റിംഗ് ലിവിങ്സ്റ്റൺ മാത്യു. കലാസംവിധാനം മനു ജഗത്ത്, അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിഎഫ്എക്സ് മൈൻഡ്സ്റ്റെയ്‍ൻ സ്റ്റുഡിയോസ്. കളറിംഗ് റെഡ് ചില്ലീസ് കളർ.