തിരുവനന്തപുരം: മാതാവ് അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ പിതാവ് ജയചന്ദ്രൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും. പേരൂർക്കട പൊലീസ് ഇതുസംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരം അഡീ.സെഷൻസ് കോടതിയാണ് വാദം കേൾക്കുക.
നേരത്തേ കേസിലെ രണ്ട് മുതൽ ആറുവരെയുള്ള പ്രതികൾക്ക് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. താൻ അറിയാതെയാണ് കുഞ്ഞിനെ ദത്ത് നൽകിയതെന്നാണ് മാതാവ് അനുപമ പേരൂർക്കട പൊലീസിനെ നൽകിയ പരാതി. കേസിലെ മറ്റ് പ്രതികളായ അനുപമയുടെ മാതാവ്, സഹോദരി, സഹോദരീ ഭർത്താവ്, പിതാവിന്റെ രണ്ട് സുഹൃത്തുക്കൾ എന്നിവർക്കാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്.