അബുദാബി : യുഎഇയിൽ തൊഴിൽ പരിശീലന കാലത്തും സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കു ജോലി മാറാമെന്ന് അധികൃതർ. പുതിയ ഫെഡറൽ തൊഴിൽ നിയമത്തിലാണ് വീസ മാറ്റം ഉദാരമാക്കിയത്.
തൊഴിൽപരമായ സൗകര്യത്തിനും മാനുഷികതയ്ക്കും പ്രാധാന്യം നൽകി 17 ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതാണു പുതിയ നിയമം. ഒരാൾ ജോലിയിൽ പ്രവേശിച്ച അന്നു മുതൽ ആറു മാസം വരെ തൊഴിൽ പരിശീലന കാലമാണ്. ജീവനക്കാരന്റെ തൊഴിൽ തൃപ്തികരമല്ലെങ്കിൽ 14 ദിവസം മുൻപ് നോട്ടിസ് നൽകി പിരിച്ചുവിടാനാകും.
എന്നാൽ ഈ പ്രൊബേഷൻ കാലത്തും തൊഴിലാളികൾക്ക് വീസ മാറ്റം അനുവദിക്കുന്നതാണു പുതിയ നിയമം. തൊഴിൽ അവസാനിപ്പിക്കുന്നതിന്റെ ഒരു മാസം മുൻപ് രേഖാമൂലം തൊഴിലുടമയെ അറിയിക്കണം. പഴയ സ്പോൺസർക്ക് തൊഴിലാളിയെ കൊണ്ടുവരുന്നതിനുണ്ടായ നഷ്ടം പുതിയ തൊഴിലുടമ നൽകണം. ഒരു സ്ഥാപനത്തിനു കീഴിൽ ഒരാളെ ഒന്നിലധികം തവണ പ്രൊബേഷൻ കാലവധി നിശ്ചയിച്ച് നിയമിക്കാനാകില്ല.