മാഹി: മാഹി കോളജിലെ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് വഴി കാണാതെ ആശങ്കയില്‍. ഇതരസംസ്ഥാനങ്ങളിലെ ബിരുദ പരീക്ഷ റിസല്‍ട്ട് പ്രസിദ്ധീകരിച്ച് ബിരുദാനന്തര കോഴ്സുകളില്‍ വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയെങ്കിലും പോണ്ടിച്ചേരി സെന്‍ട്രല്‍ യൂനിവേഴ്സിറ്റി ഇതുവരെ ഡിഗ്രി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചില്ല.
ഇതോടെയാണ് മാഹി മഹാത്മാഗാന്ധി ഗവ. ആര്‍ട്ട്സ് കോളജ് വിദ്യാര്‍ഥികള്‍ തങ്ങളുടെ ഒരു വര്‍ഷം പാഴായി പോകുമെന്ന വേവലാതിയിലായത്.മാഹി കോളജിലെ പി.ജി കോഴ്‌സുകളില്‍ ഇതിനകം അപേക്ഷ സ്വീകരിച്ചിട്ടുണ്ട്. അഞ്ചാം സെമസ്റ്റര്‍ വരെയുള്ള മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയുമായി മുന്നോട്ട് പോകുന്നത്. ഏതെങ്കിലും വിദ്യാര്‍ഥി പരീക്ഷയില്‍ തോല്‍ക്കുകയോ ഫലം തടയുകയോ ചെയ്താല്‍ പ്രവേശനം മുടങ്ങും.
അധികാരികളുടെ അലംഭാവത്തിനും അവര്‍ സ്വീകരിക്കുന്ന തെറ്റായ സമീപനങ്ങളുടെയും ദുരിതം അനുഭവിക്കുന്നത് തങ്ങളാണെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ പുതുച്ചേരിയിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും ഇനിയും റിസര്‍ട്ട് വൈകിപ്പിക്കാനിടയാക്കുമോയെന്ന് വിദ്യാര്‍ഥികള്‍ ഭയക്കുന്നു.
മാഹി കോളജില്‍ പഠിക്കുന്ന വടകര, തലശ്ശേരി, ചൊക്ലി ഭാഗങ്ങളിലുള്ള വിദ്യാര്‍ഥികളും ഈ ദുരിതം അനുഭവിക്കുകയാണ്. കോളജില്‍ പ്രക്ഷോഭ പരിപാടികളുമായി വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.മാര്‍ക്ക് ടാബുലേഷന്‍ പ്രവൃത്തികള്‍ പുരോഗമിക്കുന്നതായി യൂനിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.
ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ റിസല്‍ട്ട് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. റിസല്‍ട്ടിന് ശേഷം മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കല്‍, പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ഇവക്ക് പിന്നേയും സമയമെടുക്കും.
ഫലപ്രഖ്യാപന ദിവസം തന്നെ മാര്‍ക്ക് ലിസ്റ്റ് വിതരണവും ഒരാഴ്ചക്കുള്ളില്‍ പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റും ലഭിച്ചാല്‍ തങ്ങള്‍ അഭിമുഖീകരിയുന്ന പ്രശ്നങ്ങള്‍ക്ക് അല്‍പമെങ്കിലും പരിഹാരമാവുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. കാലിക്കറ്റ് സര്‍വകലാശാല ഉള്‍പ്പടെ വിദ്യാര്‍ഥികള്‍ക്ക് പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റ് ഇതിനകം നല്‍കിയിട്ടുണ്ട്.