ദുബൈ: ദുബൈ എമിറേറ്റിൽ മാത്രം 44,000ൽ അധികം പ്രവാസികൾ യുഎഇയിലെ ദീർഘകാല താമസ വിസയായ ഗോൾഡൻ വിസ സ്വന്തമാക്കിയതായി കണക്കുകൾ. 2019ൽ ഗോൾഡൻ വിസ സംവിധാനം പ്രഖ്യാപിച്ചതു മുതൽ ഇപ്പോൾ വരെയുള്ള കണക്കാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കഴിവുറ്റ പ്രതിഭകളെ യുഎഇയിലേക്ക് ആകർഷിക്കാനും അവരെ രാജ്യത്തുതന്നെ നിലനിർത്തുന്നതിനും, ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും അനിയോജ്യമായ രാജ്യമായി യുഎഇയെ മാറ്റാനും ലക്ഷ്യമിട്ടാണ് ഗോൾഡൻ വിസ പ്രഖ്യാപിച്ചത്.
തുടക്കത്തിൽ പത്ത് വർഷത്തേക്ക് അനുവദിക്കുന്ന ഗോൾഡൻ വിസകൾ, കാലാവധി കഴിയുന്ന മുറയ്‍ക്ക് ദീർഘിപ്പിച്ചു നൽകും. നിക്ഷേപകർ, സംരംഭകർ, വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചവർ, ശാസ്‍ത്ര സാങ്കേതിക രംഗങ്ങളിലെ ഗവേഷകർ, മിടുക്കന്മാരായ വിദ്യാർത്ഥികൾ എന്നിവർക്കായാണ് ഗോൾഡൻ വിസ പ്രഖ്യാപിക്കപ്പെട്ടതെങ്കിലും പിന്നീട് കൂടുതൽ പേർക്ക് ഇതിന് യോഗ്യത ലഭിക്കുന്ന തരത്തിൽ മാനദണ്ഡങ്ങൾ ലംഘൂകരിച്ചു.
മാനേജർമാർ, സിഇഒമാർ, ശാസ്‍ത്രം, എഞ്ചിനീയറിങ്, ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ്‍ മാനേജ്‍മെന്റ്, ടെക്നോളജി എന്നീ രംഗങ്ങളിലെ വിദഗ്ധർ എന്നിവർക്കെല്ലാം ഗോൾഡൻ വിസ അനുവദിക്കും. ഒപ്പം വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചവർക്കും ഗോൾഡൻ വിസയ്‍ക്ക് അപേക്ഷിക്കാം.