ന്യൂഡല്‍ഹി: കാർഷിക നിയമങ്ങൾ റദ്ദാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന സംയുക്ത കിസാൻ മോർച്ചയുടെ (എസ്‌കെഎം) പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി. മുന്‍കാലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വ്യാജ വാഗ്ദാനങ്ങൾ കേട്ട് പൊതുജനങ്ങൾ ഏറെ വഞ്ചിതരായിട്ടുണ്ടെന്നും അതുകൊണ്ടാണ് കാർഷിക നിയമം പിൻവലിക്കാമെന്ന് സമ്മതിച്ചിട്ടും കർഷകർ സമരം തുടരുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞ്.
ഒരു വർഷത്തിലേറെയായി നടന്നു വരുന്ന സമരം കാർഷിക നിയമം പാർലമെൻറിൽ പിൻവലിക്കുകയും തങ്ങളുടെ ഇതര ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്താൽ മാത്രമേ നിർത്തുകയുള്ളൂവെന്നാണ് കർഷകർ പറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ട്വിറ്ററിൽ രാഹുലിന്റെ പ്രതികരണം. #FarmersProtest continues എന്ന ഹാഷ്ടാഗോടെ ഹിന്ദിയിലായിരുന്നു ട്വീറ്റ്.
झूठे जुमले झेल चुकी जनता PM की बात पर विश्वास करने को तैयार नहीं!
किसान सत्याग्रह जारी है।#FarmersProtest continues.
— Rahul Gandhi (@RahulGandhi) November 21, 2021
നേരത്തെ സമരം തുടരാൻ സംയുക്ത കിസാൻ മോർച്ച ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെ സ്വാഗതം ചെയ്ത സംഘടന കർഷകർ മുന്നോട്ടുവയ്ക്കുന്ന മറ്റ് ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. നാളത്തെ ലഖ്‌നൗ മഹാപഞ്ചായത്ത് നിശ്ചയിച്ചതുപോലെ തുടരും.
പ്രധാനമന്ത്രി നരേന്ദ്രമോദി റദ്ദാക്കുന്നതായി പ്രഖ്യാപിച്ച മൂന്ന് വിവാദ കാർഷികനിയമങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച് നിയമപരമായ ഉറപ്പുനൽകണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം. ഇതോടൊപ്പം നേരത്തെ കർഷകർ ഉന്നയിച്ച മറ്റ് ചില ആവശ്യങ്ങളിൽകൂടി കേന്ദ്രത്തിന്റെ അനുകൂലമായ തീരുമാനം വരേണ്ടതുണ്ട്.
മിനിമം താങ്ങുവിലയില്‍ നിയമപരമായ ഉറപ്പ് നല്‍കുക, സമരക്കാര്‍ക്കെതിരേ എടുത്ത കേസുകള്‍ പിന്‍വലിക്കുക, സമരത്തിനിടെ മരിച്ചവരുടെ കാര്യം പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷകര്‍ ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതാനും കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്.
ലഖിംപൂർ കർഷക കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ അജയ്മിശ്രയെ കേന്ദ്രമന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. അനുകൂലമായ പ്രതികരണമുണ്ടായില്ലെങ്കിൽ 27ന് വീണ്ടും യോഗം ചേരുമെന്നും ഇതിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും കർഷകർ അറിയിച്ചു. സിംഗു അതിർത്തിയിലാണ് സംയുക്ത കിസാൻ മോർച്ച യോഗം നടന്നത്.
വെള്ളിയാഴ്ചയാണ് കാർഷിക നിയമം പിൻവലിക്കുമെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്.