ശ്രീലങ്ക-വെസ്റ്റ് ഇൻഡീസ് ഒന്നാം ടെസ്റ്റിൻറെ ആദ്യ ദിനം ക്രിക്കറ്റ് ലോകത്തെ നടുക്കിയ നിമിഷങ്ങൾ. വിൻഡീസ്(Windies) കുപ്പായത്തിൽ അരങ്ങേറ്റ മത്സരം കളിക്കുന്ന ജെറമി സോളോസനോ(Jeremy Solozano) ഫീൽഡ് ചെയ്യവേ ബാറ്റ്‌സ്‌മാൻറെ ഷോട്ട് ഹെൽമറ്റിൽ തട്ടി മൈതാനം വിട്ടു. മെഡിക്കൽ സംഘവും സപ്പോർട്ടീവ് സ്റ്റാഫും സ്ട്രക്‌ചറിലാണ് താരത്തെ കൊണ്ടുപോയത്. ജെറമിയെ സ്‌കാനിംഗിന് വിധേയനാക്കി.
ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്‌സിലെ 24-ാം ഓവറിൽ ഫൈൻ ഷോർട് ലെഗിൽ ഫീൽഡ് ചെയ്യുമ്പോൾ ശ്രീലങ്കൻ നായകൻ ദിമുത് കരുണരത്‌നെയുടെ കരുത്തുറ്റ ഷോട്ട് ഹെൽമറ്റിൽ പതിക്കുകയായിരുന്നു. പന്ത് തലയിൽ കൊണ്ട് മൈതാനത്തുവീണ താരത്തെ ആംബുലൻസിൽ ആശുപത്രിയിലേക്ക് പിന്നാലെ മാറ്റി. 26 വയസുകാരനായ ജെറമി അരങ്ങേറ്റ മത്സരമാണ് ഇന്ന് കളിക്കുന്നത്. ജെറമിക്ക് പകരം സബ്‌സ്റ്റിറ്റ്യൂട്ട് ഫീൽഡറായി ഷായ് ഹോപ് കളത്തിലിറങ്ങി.
ഗോൾ ടെസ്റ്റിൽ ടോസ് നേടിയ ലങ്കൻ നായകൻ കരുണരത്‌നെ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ദിനം രണ്ടാം സെഷൻ പുരോഗമിക്കുമ്പോൾ 163/1 എന്ന നിലയിലാണ് ശ്രീലങ്ക. 56 റൺസെടുത്ത പാതും നിസങ്കയെ ഷാന്നോൻ ഗബ്രിയേൽ പുറത്താക്കി. 89 റൺസുമായി ദിമുത് കരുണരത്‌നെയും മൂന്ന് റണ്ണുമായി ഒഷാഡോ ഫെർണാണ്ടോയുമാണ് ക്രീസിൽ.