തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കുറയുന്ന പശ്ചാത്തലത്തില്‍ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും ദ്വിതീയ ചികിത്സാ കേന്ദ്രങ്ങളും നിർത്തലാക്കുന്നു. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ( kerala discontinues cfltc )
കൊവിഡിന് ഗൃഹ ചികിത്സയാണ് അഭികാമ്യമെന്ന നിലപാടാണ് സംസ്ഥാന സർക്കാർ നേരത്തെ തന്നെ സ്വീകരിച്ചിരുന്നത്. കൊവിഡ് ബാധിതർ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുക എന്ന നിർദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾ സിഎഫ്എൽടിസികളും സിഎസ്എൽടിസികളും നിർത്തുന്നതിനുള്ള തീരുമാനം കൊവിഡ് അവലോകന യോഗം കൈക്കൊണ്ടത്. സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്‌സിനേഷൻ വേഗത്തിലാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.
രണ്ടാം ഡോസ് വാക്‌സിനേഷന്‍ ഉടന്‍ പൂര്‍ത്തീകരിക്കാന്‍ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. രണ്ടാംഡോസ് വാക്സിൻ എടുക്കാൻ കാലാവധിയായവരുടെ വിവരം തദ്ദേശ സ്ഥാപന തലത്തിൽ ശേഖരിക്കണം. അത്തരക്കാരെ കണ്ടെത്തി വാക്സിൻ നൽകാനുള്ള സംവിധാനമൊരുക്കണം. ജില്ലാ കളക്ടർമാർ, ജില്ലാ ചുമതലയുള്ള മന്ത്രിമാർ എന്നിവർ തദ്ദേശ സ്ഥാപന പ്രതിനിധികളെ വിളിച്ച് ഇക്കാര്യം ബോധ്യപ്പെടുത്തണം. വാർഡ് തല സമിതികളും മറ്റു വകുപ്പുകളും ചേർന്ന് ആവശ്യമായ നടപടികൾ എടുത്ത് വാക്‌സിനേഷൻ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.