തിരുവനന്തപുരം;ബംഗാൾ ഉൾക്കടലിൽ (bengal sea) രൂപപ്പെട്ട ന്യൂനമർദ്ദം (depression) തീവ്രന്യൂനമർദ്ദമായി (well marked depression) കര തൊടുന്നതിന്‍റെ ജാഗ്രതയിലാണ് ദക്ഷിണേന്ത്യ. കേരളത്തിലാകട്ടെ അടുത്ത രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ പ്രവചനം. അതിനാൽ തന്നെ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കരയിൽ പ്രവേശിക്കുന്നതോടെ പടിഞ്ഞാറൻ കാറ്റ് സജീവമാകുന്നതിനാൽ വ്യപകമായി ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. മലയോര മേഖലകളിലും വനമേഖലകളിലും ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത വേണം എന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത ഉണ്ട്. ന്യൂനമർദ്ദം കരയിൽ പ്രവേശിച്ചതിന് ശേഷമേ, കേരളത്തിൽ ഉണ്ടാകാവുന്ന സ്വാധീനത്തിൽ കൂടുതൽ വ്യക്തത ലഭിക്കൂ എന്നാണ് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.