കോഴിക്കോട്: ബേക്കറിയിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന ചില്ല് കൂട്ടിൽ ജീവനുള്ള എലിയെ കണ്ടതിനെ തുടർന്ന് സ്ഥാപനം അടച്ചു പൂട്ടിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്. കോഴിക്കോട് നഗരത്തിലെ ഈസ്റ്റ് ഹില്ലിലെ ഹോട്ട് ബൺസ് എന്ന സ്ഥാപനമാണ് അടച്ചു പൂട്ടിയത്.
ബേക്കറിയിൽ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർഥികളാണ് ചില്ല് കൂട്ടിൽ ജീവനുള്ള വലിയ എലിയെ കാണുന്നത്. തുടർന്ന് ഇവർ വീഡിയോ എടുത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറുകയായിരുന്നു. തുടർന്ന് ഡോ.വിഷ്ണു, എസ്. ഷാജി, ഡോ.ജോസഫ് കുര്യാക്കോസ് എന്നിവരടങ്ങുന്ന ഭക്ഷ്യ സുരക്ഷാ സ്ക്വാഡ് സ്ഥാപനത്തിൽ മിന്നൽ പരിശോധന നടത്തുകയും ഇവരുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഭക്ഷ്യ സുരക്ഷാ അസി.കമ്മീഷണർ എം.ടി. ബേബിച്ചൻ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുകയുമായിരുന്നു.
സ്ഥാപനത്തിന്റെ അടുക്കളയിലും മറ്റും എലിയുടെ വിസർജ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഉദ്യോസസ്ഥർ . ഈ സ്ഥാപനം തുറന്ന് പ്രവർത്തിക്കുന്നത് മനുഷ്യാരോഗ്യത്തിന് ഹാനികരമാണെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം. യഥാ സമയത്ത് വീഡിയോ ഭക്ഷ സുരക്ഷാ ഓഫീസർക്ക് കൈമാറിയ വിദ്യാർഥികളെ ഉദ്യോഗസ്ഥർ അഭിനന്ദിക്കുകയും ചെയ്തു.