ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളുമായി ഡൽഹിയും അയൽ സംസ്ഥാനങ്ങളും. അൻപത് ശതമാനം സർക്കാർ ജീവനക്കാർക്ക് വർക് ഫ്രം ഹോം അനുവദിക്കുമെന്ന് ഡൽഹി സംസ്ഥാനസർക്കാർ അറിയിച്ചു. വ്യവസായ ശാലകളും അടച്ചിടും.
ഡൽഹിയിലെ മുന്നൂറ് കിലോമീറ്റർ പരിധിയിലെ 11 താപനിലയങ്ങളിൽ അഞ്ചെണ്ണത്തിന് മാത്രമായിരിക്കും ഈ മാസം വരെ പ്രവർത്തനനാനുമതി. ഈ മാസം 21 വരെ ട്രക്കുകൾ ഡൽഹിയിൽ പ്രവേശിക്കുന്നത് തടഞ്ഞിട്ടുണ്ട്.വർക്ക് ഫ്രം ഹോമിന് കേന്ദ്രസർക്കാർ അനുകൂലമല്ലെങ്കിലും ജീവനക്കാരിൽ കാർപൂളിങ് ഉൾപ്പെടെയുള്ളവ പ്രോത്സാഹിപ്പിക്കും.
ഡല്‍ഹിയിലെയും സമീപപ്രദേശങ്ങളിലെയും എല്ലാ ജീവനക്കാരോടും ഓഫിസുകളില്‍ പോവുമ്ബോള്‍ പരമാവധി പൊതുഗതാഗതം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരിസ്ഥിതി മന്ത്രാലയത്തിന്റെ കമ്മീഷന്‍ ഓഫ് എയര്‍ ക്വാളിറ്റി മാനേജ്‌മെന്റിന്റെ ന്ിര്‍ദേശപ്രകാരമാണ് തലസ്ഥാനത്തും പരിസരത്തുമുള്ള സ്‌കൂളുകളും കോളജുകളും ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ അടച്ചിടാനും ഡല്‍ഹിക്ക് സമീപമുള്ള ആറ് കല്‍ക്കരി വൈദ്യുത നിലയങ്ങള്‍ താല്‍കാലികമായി അടച്ചുപൂട്ടാന്‍ ഉത്തരവായത്. ദീപാവലി മുതല്‍ ഡല്‍ഹിയിലെ വായു മലിനീകരണം അതിരൂക്ഷമായി മാറിയിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊവിഡ് ലോക്ക് ഡൗണിന്റെ സമയത്തേത് പോലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് സാധ്യത. വായു മലിനീകരണത്തിന്റെ പ്രധാന ഘടകം വിള കത്തിക്കലാണെന്നാണു കേന്ദ്ര ഭൗമമന്ത്രാലയത്തിന്റെ കീഴിലുള്ള വായു നിലവാര നിരീക്ഷണ കേന്ദ്രമായ സഫര്‍ വ്യക്തമാക്കുന്നത്. ഈ മാസം 4 മുതല്‍ 14 വരെയുള്ള കണക്കുകളിലും ഇത് കാണാം. മലിനീകരണത്തിന്റെ 25 ശതമാനം വിള കത്തിക്കലാണെന്നു നവംബര്‍ നാലിലെ റിപോര്‍ട്ട് പറയുന്നു. നവംബര്‍ 5ന് ഇതു 36 ശതമാനമായും ആറാം തീയതി ഇതു 41 ശതമാനമായും വര്‍ധിച്ചു.
അതേസമയം, കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് കൊണ്ട് മാത്രം മലിനീകരണത്തിന്റെ തോത് വർധിക്കുന്നതായി കേന്ദ്രസർക്കാർ അറിയിച്ചപ്പോൾ കർഷകർക്ക് അനുകൂലമായ പരാമർശമാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. കത്തിക്കൽ ഒഴിവാക്കാൻ സാങ്കേതിക സഹായം എന്തുകൊണ്ട് കർഷകർക്ക് നൽകുന്നില്ലെന്നും പഞ്ച നക്ഷത്ര ഹോട്ടലിൽ ഇരുന്നു കർഷകരെ കുറ്റപ്പെടുത്തുകയാണെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.