കൊച്ചി: മുൻ മിസ് കേരള ആൻസി കബീർ (ansi kabeer) അടക്കം മൂന്ന് പേർ കാറപകടത്തിൽ മരിച്ച കേസിൽ നിർണ്ണായകമായ ഹാർഡ് ഡിസ്‌ക് (hard disk) നശിപ്പിച്ചതിന് ഹോട്ടൽ ഉടമയടക്കം ആറ് പേരെ അറസ്റ്റ് ചെയ്തു. ഹോട്ടൽ 18 ഉടമ റോയി വയലാട്ടിനെയും അഞ്ച് ഹോട്ടൽ ജീവനക്കാരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. (models death hotel arrest)
മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട തെളിവുകളിൽ ഒന്നായ ഡിവിആർ കായലിൽ കളഞ്ഞെന്ന് ഹോട്ടൽ ജീവനക്കാർ അറിയിച്ചിരുന്നു. രണ്ട് ഹോട്ടൽ ജീവനക്കാരിൽ നിന്നും തെളിവെടുപ്പ് നടത്തി. കൂടാതെ മരണത്തിൽ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ആൻസി കബീറിന്റെ കുടുബം രംഗത്തെത്തി.
ആൻസിയുടെയും അഞ്ജനയുടെയും മരണവുമായി ബന്ധപ്പെട്ട് നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റിനെ സംശയമുണ്ടെന്നും കുടുബം ആരോപിച്ചു. ഹോട്ടലിൽ ഉണ്ടായ പ്രശ്‌നങ്ങൾ എന്തെല്ലാമാണെന്ന് അന്വേഷിക്കണമെന്നും സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചത് എന്തിനാണെന്ന് അറിയണമെന്നും ആവശ്യപ്പെട്ട് ആൻസി കബീറിന്റെ കുടുംബം പൊലീസിൽ പരാതി നൽകി. ഔഡി കാർ പിന്തുടർന്നത് എന്തിനാണെന്ന് കണ്ടെത്തണം. ഇതുവരെയുള്ള പൊലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും കുടുംബം വ്യക്തമാക്കി.
സിസിടിവി ദൃശ്യങ്ങൾ അടങ്ങുന്ന രണ്ട് ഡിവി ആറുകളിൽ ഒന്ന് ഇന്നലെ റോയി ഹാജരാക്കിയിരുന്നു. എന്നാൽ ഇത് കേസുമായി ബന്ധപ്പെട്ടതല്ലായിരുന്നു. അപകടമുണ്ടായ നവംബർ ഒന്നിന് ഹോട്ടലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ പാലാരിവട്ടം സ്റ്റേഷനിൽ പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. അപകടമുണ്ടായതിന് പിന്നാലെ റോയി ഹോട്ടലിൽ എത്തി ഡിവിആർ കൊണ്ടുപോയെന്ന് ജീവനക്കാർ വെളിപ്പെടുത്തിയിരുന്നു.
യഥാർത്ഥ ഡിവിആർ നൽകിയില്ലെങ്കിൽ റോയിക്ക് എതിരെ തെളിവ് നശിപ്പിച്ചതിന് കേസ് എടുക്കുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. നവംബർ ഒന്നിന് പുലർച്ചെ ഒരു മണിയോടെ എറണാകുളം ബൈപ്പാസിൽ വൈറ്റിലയ്ക്ക് അടുത്തായിരുന്നു അപകടം. ഫോർട്ട് കൊച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അൻസിയും അഞ്ജനയും സഞ്ചരിച്ച കാർ മുന്നിൽ പോകുകയായിരുന്ന ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് മരത്തിൽ ഇടിച്ച് തകരുകയായിരുന്നു.
അപകടത്തിൽ കാർ പൂർണ്ണമായി തകർന്നുപോയി. അപകട സ്ഥലത്ത് വെച്ച് തന്നെ അൻസി കബീറും, അഞ്ജന ഷാജനും മരിച്ചു. കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിഖിനേയും അബ്ദുൾ റഹ്മാനേയും ആശുപത്രിയിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന മുഹമ്മദ് ആഷിക് പിന്നീട മരണപ്പെട്ടു. അപകടത്തിൽപെട്ട ബൈക്ക് യാത്രക്കാരന് നിസ്സാര പരുക്ക് മാത്രമാണ് പറ്റിയത്.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നമ്പർ 18 ഹോട്ടലിൽ പൊലീസ് വീണ്ടും പരിശോധന നടത്തുകയാണ്. ഹോട്ടലിലെ ദൃശ്യങ്ങളടങ്ങിയ ആദ്യം ലഭിച്ച ഡി.വി.ആർ സൈബർ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കും. ഡി.വി.ആറിൽ എന്തെങ്കിലും തിരിമറി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.