റോട്ടർഡാം: നോർവെയെ നിർണായക മത്സരത്തിൽ പരാജയപ്പെടുത്തി ലോകകപ്പ് ഫുട്ബോൾ(FIFA World Cup 2022) യോഗ്യത ഉറപ്പാക്കി നെതർലൻഡ്‌സ്(Netherlands vs Norway). എതിരില്ലാത്ത രണ്ട് ഗോളിനാണ് നെതർലൻഡ്സിൻറെ ജയം. 84-ാം മിനുറ്റിൽ സ്റ്റീഫൻ ബെർഗ്‍വിനും(Steven Bergwijn) ഇഞ്ചുറിടൈമിൽ മെംഫിസ് ഡിപായുമാണ്(Memphis Depay) ഗോൾ നേടിയത്. തോൽവിയോടെ പ്ലേ ഓഫ് കളിക്കാതെ നോർവെ പുറത്തായി. ഗ്രൂപ്പിൽ നിന്ന് തുർക്കി പ്ലേ ഓഫ് കളിക്കും.
ഗ്രൂപ്പ് ഡിയിൽ ഫ്രാൻസിനോട് തോറ്റതോടെ ഫിൻലൻഡ് ലോകകപ്പ് യോഗ്യത നേടാതെ പുറത്തായി. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഫ്രാൻസിൻറെ ജയം. കരിം ബെൻസേമ, കിലിയൻ എംബാപ്പെ എന്നിവരാണ് ഫ്രാൻസിനായി ഗോൾ നേടിയത്. ഫ്രാൻസ് നേരത്തെ യോഗ്യത ഉറപ്പാക്കിയിരുന്നു. ഗ്രൂപ്പ് ഇയിൽ ബെൽജിയത്തെ സമനിലയിൽ തളച്ചതോടെ വെയിൽസ് ഗ്രൂപ്പിൽ നിന്ന് പ്ലേ ഓഫ് കളിക്കും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ബെൽജിയം നേരത്തെ തന്നെ ഖത്തർ ടിക്കറ്റ് നേടിയിരുന്നു.
യൂറോപ്പിൽ നിന്ന് 12 ടീമുകൾ പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. ഇറ്റലി, പോർച്ചുഗൽ, സ്കോട്‍ലൻഡ്, ഫിൻലൻറ്, റഷ്യ, സ്വീഡൻ, പോളണ്ട്, വെയ്ൽസ്, നോർത്ത് മാസെഡോണിയ ഈ ടീമുകളെ നാല് ടീമുകൾ വീതമുള്ള മൂന്ന് ഗ്രൂപ്പുകളിലാക്കി തിരിക്കും. ഓരോ ഗ്രൂപ്പിലും സെമിഫൈനലും ഫൈനലുമുണ്ടാകും. ഇങ്ങനെ ഗ്രൂപ്പുകളിൽ മുന്നിലെത്തുന്ന മൂന്ന് ടീമുകൾക്കാകും ഒടുവിൽ ഖത്തറിലേക്ക് യോഗ്യത. പ്ലേ ഓഫ് മത്സരക്രമം ഈ മാസം 26ന് നറുക്കെടുപ്പിലൂടെ തീരുമാനിക്കും.
അതേസമയം ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ നിന്ന് അർജൻറീന ഖത്തർ ടിക്കറ്റുറപ്പിച്ചു. ബ്രസീലിനോട് ഗോൾരഹിത സമനില വഴങ്ങിയെങ്കിലും അർജൻറീന യോഗ്യത നേടുകയായിരുന്നു. തുടർച്ചയായ 13-ാം ലോകകപ്പിനാണ് അർജൻറീന യോഗ്യരായത്. സൂപ്പർതാരം ലിയോണൽ മെസിക്ക് ഇത് അഞ്ചാം ലോകകപ്പാണിത്. ബ്രസീലിനെതിരായ സമനിലയോടെ തോൽവിയറിയാതെ 27 മത്സരങ്ങൾ അർജൻറീന പൂർത്തിയാക്കി.