ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മദ്യവില്പന ഇന്ന് മുതല്‍ പൂര്‍ണമായി സ്വകാര്യ മേഖലയിലേക്ക്. ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് മദ്യവില്പന സ്വകാര്യ മേഖലയിലേക്ക് മാറുന്നത്. പുതിയ മദ്യനയമനുസരിച്ച് സര്‍ക്കാര്‍ നിശ്ചയിക്കുന്ന എം.ആര്.പിയ്ക്ക് പകരം ചില്ലറ വ്യാപാരികള്‍ക്ക് വില നിശ്ചയിക്കാം.
നിലവില്‍ സ്വകാര്യ മേഖലയിലുണ്ടായിരുന്ന 250 മദ്യവില്പനശാലകള് അടക്കം 850 എണ്ണം ഓപ്പണ്‍ ടെണ്ടര്‍ വഴി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്നു. നഗരത്തില്‍ മുക്കിലും മൂലയിലും പ്രവര്‍ത്തിച്ചിരുന്ന മദ്യഷോപ്പുകളില്‍ നിന്ന് വ്യത്യസ്തമാണ് പുതിയ വില്പന കേന്ദ്രങ്ങള്‍.
500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഷോപ്പുകള്‍ പൂര്‍ണമായും എയര്‍ കണ്ടിഷന്‍ ചെയ്തതും സി.സി.ടി.വി ഘടിപ്പിച്ചതുമാണ്. ഷോപ്പിംഗ് മാളുകളിലേതുപോലെ ഇഷ്ടമുള്ള ബ്രാന്‍ഡുകള്‍ തിരഞ്ഞെടുക്കാം. സൂപ്പര്‍ പ്രീമിയം ഷോപ്പുകളില്‍ മദ്യം രുചിച്ച് നോക്കി വാങ്ങാം.
സ്വകാര്യ മദ്യവില്പനശാലകള്ക്ക് മദ്യം വിതരണം ചെയ്യുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ണമാകാത്തതിനാല്‍ ആദ്യ ദിവസങ്ങളില്‍ മദ്യത്തിന് വില കൂടിയേക്കാമെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.