ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ (Salman Khurshid) ‘സൺറൈസ് ഇൻ അയോധ്യ: നേഷൻഹുഡ് ഇൻ ഔർ ടൈംസ്’ (Sunrise in Ayodhya: Nationhood in Our Times) എന്ന പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി. ഹരജി ഫയലിൽ സ്വീകരിച്ച ഡൽഹി ഹൈക്കോടതി കേസ് ഈ മാസം 24ന് പരിഗണിക്കും.
പുസ്തകത്തില്‍ ഹിന്ദുത്വയെ ഭീകരസംഘടനയായ ഐഎസ്‌ഐഎസ്സുമായി താരതമ്യം ചെയ്യുന്ന തരത്തിലുള്ള പരാമര്‍ശമാണ് വിവാദത്തിന് ഇടയാക്കിയത്. കഴിഞ്ഞ ദിവസം സൽമാൻ ഖുർഷിദിന്റെ നൈനിറ്റാളിലെ വസതി ആക്രമിക്കുകയും വീട്ടുപകരണങ്ങൾ തീയിടുകയും ചെയ്തിരുന്നു.
ഖുര്‍ഷിദിന്റെ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേന വെള്ളിയാഴ്ച രംഗത്തെത്തിയിരുന്നു. പുസ്തകം ഹിന്ദുമത വിശ്വാസികളുടെ മതവികാരം വൃണപ്പെടുത്തുമെന്നും സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും അവര്‍ ആരോപിച്ചിരുന്നു. പുസ്‌കതത്തില്‍ ഹിന്ദുത്വയെ ഐഎസ്സുമായി താരമത്യം ചെയ്തത് ഹിന്ദു മതത്തെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഡല്‍ഹി ലെഫ്. ജനറല്‍ അനില്‍ ബെയ്ജാല്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ക്കയച്ച കത്തില്‍ ഹിന്ദു സേനാ പ്രസിഡന്റ് ആരോപിച്ചിരുന്നു.
അതേസമയം, ഹിന്ദുമതത്തെ പിന്തുണയ്ക്കുകയും ഹിന്ദുത്വത്തെ ചോദ്യം ചെയ്യുന്നതുമാണ് തന്റെ പുസ്തകമെന്ന് സൽമാൻ ഖുർഷിദ് പറഞ്ഞു. വിവാദത്തിന്റെ പേരിലുള്ള ഭീഷണിയെയും ആക്രമണത്തെയും താൻ മുഖവിലക്ക് എടുക്കുന്നില്ല. പുസ്തകത്തെ സംബന്ധിച്ച് രാഹുൽ ഗാന്ധി പറഞ്ഞതാണ് കോൺഗ്രസ് നിലപാട്. വിരുദ്ധ നിലപാടുള്ള കോൺഗ്രസ് നേതാക്കൾ ബിജെപിയെ പിന്തുണയ്ക്കുകയാണോയെന്ന് വ്യക്തമാക്കണമെന്നും സൽമാൻ ഖുർഷിദ് പറഞ്ഞു.