ന്യൂഡല്‍ഹി: ശബരിമല (Sabarimala) യുവതി പ്രവേശന കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് (Supreme Court Chief Justice) കത്ത്. മുന്‍ തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തര്‍ജനമാണ് (Devaki Antarjanam)ചീഫ് ജസ്റ്റിസിന് കത്തയച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി എന്നിവര്‍ വിശ്വാസികളുടെ ആവശ്യത്തെ പിന്തുണച്ചിട്ടുണ്ടെന്ന് കത്തില്‍ ദേവകി അന്തര്‍ജനം ചൂണ്ടിക്കാട്ടി. 2020 ജനുവരിയില്‍ ഒമ്പത് അംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ ശബരിമല കേസില്‍ വാദം ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കേസിലെ വിധി ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ നാഴികകല്ലായിരിക്കുമെന്നും കത്തില്‍ പറയുന്നുണ്ട്.
ശബരിമല വിധിക്കെതിരെയുള്ള പുനഃപരിശോധന ഹര്‍ജികളിൽ തീരുമാനമെടുക്കാൻ ചീഫ് ജസ്റ്റിസായിരുന്ന എസ് എ ബോബ്ഡെ ഒമ്പതംഗ ഭരണഘടന ബെഞ്ച് രൂപീകരിച്ചെങ്കിലും തുടര്‍നടപടികൾ ഉണ്ടായില്ല. ആ ബെഞ്ചിലെ ജസ്റ്റിസ് ബോബ്ഡെ ഉൾപ്പടെ പല ജഡ്ജിമാരും വിരമിച്ച സാഹചര്യത്തിൽ പുതിയ ഭരണഘടന ബെഞ്ച് രൂപീകരിക്കേണ്ടിവരും.
അതേസമയം മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലയിൽ ഇന്നുമുതൽ ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങി. ഇന്ന് പതിനായിരത്തിൽ താഴെ ആളുകൾ മാത്രമാണ് വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തിട്ടുള്ളത്. നിലക്കലിൽ നിന്ന് പുലർച്ചെ മൂന്ന മുതൽ തീർത്ഥാടകരെ പമ്പയിലേക്ക് കടത്തിവിട്ട് തുടങ്ങി. ആദ്യ ദിവസം എത്തിയവരിൽ അധികം പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയ തീർത്ഥാടകരാണ്. കാലവസ്ഥ പ്രതികൂലമായതിനാൽ പമ്പാ സ്നാനത്തിന് അനുമതിയില്ല.