തിരുവനന്തപുരം: പഞ്ചായത്തുകള്‍ അഴിമതി മുക്തമായി ജനപക്ഷത്ത് നില്‍ക്കണമെന്നും കാര്യക്ഷമമായ സിവില്‍ സര്‍വ്വീസിൻ്റെ ഭാഗമായി മെച്ചപ്പെട്ട സേവനം പൊതുസമൂഹത്തിന് നല്‍കണമെന്നും തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പഞ്ചായത്ത് വകുപ്പിൻ്റെ അവലോകന യോഗവും കെ എ എസ് ജേതാക്കള്‍ക്കുള്ള അനുമോദനയോഗവും തിരുവനന്തപുരത്തെ സഹകരണ ഭവന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ന്യായവും നീതിയും ഉയര്‍ത്തിപ്പിടിച്ച് സാധാരണക്കാരായ ജനങ്ങളോടൊപ്പം നില്‍ക്കാന്‍ പഞ്ചായത്ത് വകുപ്പിലെ ഓരോ ജീവനക്കാരനും തയ്യാറാവണം. എല്ലാ മേഖലകളേയും പരിഗണിച്ചുകൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ സാധിക്കണം. പരമ്പരാഗത രീതികളില്‍ അഭിരമിക്കാതെ മാനവീകവും സര്‍ഗാത്മകവുമായി സേവനങ്ങള്‍ നല്‍കുന്നതിന് പഞ്ചായത്തുകളെ പ്രാപ്തമാക്കാനാണ് ഉദ്യോഗസ്ഥര്‍ പരിശ്രമിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു.
പതിനാലാം പദ്ധതിയുടെ മുന്നൊരുക്കങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അനുദിനം മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യാന്‍ ആവശ്യമായ തന്ത്രങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാനാവണം. പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനത്തിൻ്റെ ഗുണനിലവാരത്തിലും വനിതകള്‍, വയോജനങ്ങള്‍, കുട്ടികള്‍, ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് തുടങ്ങിയവരുടെ ക്ഷേമത്തിലും ഊന്നല്‍ നല്‍കണം. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവല്‍ക്കരണത്തിൻ്റെയും വിവിധ പദ്ധതികളിലെ സംയോജന സാധ്യകളുടെയും സാധ്യതകള്‍ മനസിലാക്കി മുന്നേറാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാധിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് ഏറ്റവും ഗുണമേന്‍മയുള്ള ജീവിതം നയിക്കുന്നത് കേരളത്തിലാണ്. ഈ കേരള മാതൃക കൂടുതല്‍ ഈടുറ്റതാക്കാന്‍ വാതില്‍പ്പടി സേവനത്തിലൂടെയും ലൈഫ് മിഷന്‍ പദ്ധതിയിലൂടെയും അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിലൂടെയും ആയിരത്തില്‍ അഞ്ചുപേര്‍ക്ക് തൊഴില്‍ നല്‍കുന്നതിലൂടെയും മികച്ച സേവനം ലഭ്യമാക്കുന്നതിലൂടെയും സാധിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്തു.
പഞ്ചായത്ത് വകുപ്പില്‍ നിന്നും കെ എ എസിലേക്ക് നിയമന ശുപാര്‍ശ ലഭിച്ച ജീവനക്കാര്‍ക്കുള്ള പുരസ്‌കാര വിതരണവും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ഡയറക്ടര്‍ എച്ച് ദിനേശന്‍, അഡീ. ഡയറക്ടര്‍ എം പി അജിത് കുമാര്‍, ജോയിന്റ് ഡയറക്ടര്‍ ബിനുന്‍ വാഹിദ് എന്നിവര്‍ സംസാരിച്ചു.