തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അമ്മയ്‌ക്കൊപ്പമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി. അനുമപയുടേത് ന്യായമായ ആവശ്യമാണെന്ന് പി സതീദേവി പറഞ്ഞു. ഇക്കാര്യത്തിൽ പോലീസിൻ്റെയും ശിശുക്ഷേമ സമിതിയുടെയും റിപ്പോർട്ടിന് ശേഷം നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പ്രതികരിച്ചു.
സംഭവത്തിൽ ശിശുക്ഷേമ സമിതിയും സി ഡബ്ള്യു സിയും ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച് അനുപമ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ശിശു ക്ഷേമ സമിതിയും സി ഡബ്ള്യു സിയും പറയുന്നതിൽ ആശയകുഴപ്പമുണ്ട്. പരസ്പരം പഴിചാരുകയാണ്. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാൻ്റെ മാത്രം തെറ്റെന്നാണ് സി ഡബ്ള്യു സിയുടെ നിലപാടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അനുപമ വ്യക്തമാക്കിയിരുന്നു.
സി ഡബ്ള്യു സിയുടെ ഭാഗത്തും തെറ്റുണ്ട്. സമരം തുടരുമെന്നും അനുപമ കൂട്ടിച്ചേർത്തു. നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജെ എസ് ഷിജു ഖാനെയും സി ഡബ്ല്യു സി ചേർപേഴ്‌സൺ എൻ സുനന്ദയേയും സംരക്ഷിക്കുകയാണെന്നും അനുപമ ആരോപിച്ചിരുന്നു.