കൊച്ചി: പനമ്പിള്ളിനഗര്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസിലെ രണ്ടാം പ്രതി യൂസഫ് സിയയെ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി തീവ്രവാദ വിരുദ്ധ സേന (എ.ടി.എസ്) യുടെ കസ്റ്റഡിയില്‍ വിട്ടു.
വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച സിയ മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് പിടിയിലായത്. മുംബൈ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ പിന്നീട് കേരളത്തില്‍ നിന്നെത്തിയ തീവ്രവാദ വിരുദ്ധ സ്ക്വാഡിന് (എടിഎസ്) കൈമാറുകയായിരുന്നു.
നടി ലീന മരിയാ പോളിനെ ഫോണില്‍ ഭീഷണിപ്പെടുത്താനായി അധോലോക കുറ്റവാളി രവി പൂജാരിയോട് ആവശ്യപ്പെട്ടത് സിയയാണ്. ഇതുപ്രകാരം ഫോണില്‍ വിളിച്ച് 25 കോടി രൂപ പൂജാരി ആവശ്യപ്പെടുകയായിരുന്നു.
ഭീഷണി ഫലിക്കാതായപ്പോള്‍ സിയവഴി പൂജാരി ബ്യൂട്ടിപാര്‍ലറില്‍ വെടിവയ്പ് നടത്തി. ദുബായ് കേന്ദ്രീകരിച്ച് കേരളത്തിലേക്ക് സ്വര്‍ണക്കടത്തും ഹവാല ഇടപാടുകളും നടത്തുന്ന കാസര്‍ഗോഡ് സംഘത്തിന്റെ തലവനാണ് ഇയാളെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.