യാത്രകളും ആഘോഷങ്ങളും പഴയരീതിയിലേക്കായതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ സഞ്ചാരികള്‍.യാത്രകളില്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും മഹാമാരിക്കു ശേഷമുള്ള യാത്രകള്‍ എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ചും കൃത്യമായ ധാരണകള്‍ ആളുകള്ക്കുള്ളതിനാല് യാത്രകള്‍ സുഗമമായിട്ടുണ്ട്.കൊവിഡിന് ശേഷം കാര്യങ്ങള്‍ മെച്ചപ്പെടുകയും ധാരാളം ആളുകള്‍ വാക്സിനേഷന് എടുക്കുകയും ചെയ്യുന്നതിനാല്‍,യാത്ര ഏറെ സുഖകരവും ആവും. ഇന്ത്യയില്‍ സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലങ്ങളുടെ മികച്ച പട്ടിക ഇതാ…
ചിത്കുൽ :
ഹിമാചല്‍ പ്രദേശിന്റെ സാധ്യതകള്‍ ഏറ്റവുമധികം തുറക്കുന്ന ചെറുനഗരമാണ് ചിത്കുല്‍. ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം മറ്റൊരു ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രമായ സങ്കോളയില്‍ നിന്ന് 24 കിലോമീറ്റര്‍ വടക്കായാണ് ഉള്ളത്. പഴയ ഹിന്ദുസ്ഥാന്‍ – ടിബറ്റ് വ്യാപാര പാതയിലെ അവസാന ഗ്രാമം കൂടിയാണിത്. പ്രകൃതിഭംഗി നിറഞ്ഞ കാഴ്ചകളാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. നടന്നു ഗ്രാമങ്ങള്‍ കണ്ടുതീര്‍ക്കുക എന്നതിനൊപ്പം നിരവധി സാഹസിക പ്രവര്‍ത്തികള്‍ക്കും ഇവിടെ സാധ്യതകളുണ്ട്.
അഹമ്മദാബാദ്:
ആളുകളുടെ യാത്രാ ലിസ്റ്റില്‍ പൊതുവേ ഇടം പിടിക്കാത്ത സ്ഥലങ്ങളില്‍ ഒന്നായാണ് അഹമമ്ദാബാദിനെ കണക്കാക്കുന്നത്. ഇന്ത്യയിലെ പൈതൃകത്തിന്റെ സൗന്ദര്യത്തെ പ്രതിഫലിപ്പിക്കുന്ന വൈവിധ്യത്തിന്റെ ഒരു പ്രതീകമായി അഹമ്മദാബാദിനെ കാണുന്നവര്‍ നിരവധിയുണ്ട്. നഗരം വളരെ സുരക്ഷിതവും വൃത്തിയുള്ളതും അതേസമയം ആകര്‍ഷകവുമാണ്. ഗംഭീരമായ ക്ഷേത്രങ്ങള്‍, ശ്രദ്ധേയമായ മസ്ജിദുകള്‍, രസകരമായ മ്യൂസിയങ്ങള്‍, മനോഹരമായ തടാകങ്ങള്‍, ശാന്തമായ നദിയുടെ മുന്‍ഭാഗം, ഗാന്ധി ചരിത്രത്തിന്റെ ഭാഗങ്ങള്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.
പോണ്ടിച്ചേരി:
എക്കാലവും ഏതു കാലാവസ്ഥയിലും ഏതു സീസണിലും സഞ്ചാരികള്‍ ഇഷ്ടപ്പെടുന്ന നഗരമാണ് പോണ്ടിച്ചേരി. ബംഗാള്‍ ഉള്‍ക്കടലില്‍ പ്രൗഢിയോടെ നിലകൊള്ളുന്ന മുന്‍ ഫ്രഞ്ച് കോളനിയായ പോണ്ടിച്ചേരി പൗരാണിക കാഴ്ചകള്‍ പകര്‍ന്നു നല്കുന്ന ഇടമാണ്. വര്‍ഷം മുഴുവനും വര്‍ണ്ണാഭമായ ഉത്സവങ്ങള്‍, നിരവധി മുസ്ലീം പള്ളികള്‍, ശ്രീ അരബിന്ദോ ആശ്രമം, പുരാതനമായ ക്ഷേത്രങ്ങള്‍, ഫ്രഞ്ച് സ്മരണകള്‍ നിര്‍മ്മിതികള്‍ എന്നിങ്ങനെ കാണുവാന്‍ ഏറെയുണ്ട് പോണ്ടിച്ചേരിയില്‍. ചെന്നൈയില്‍ നിന്നുള്ള വാരാന്ത്യ അവധിക്കാല കേന്ദ്രമാണ്.
സ്പിതി വാലി:
ജീവിതത്തില്‍ ഒരിക്കവും മറക്കാത്ത ഒരു യാത്ര സമ്മാനിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടാത്ത നാടാണ് സ്പിതി വാലി. തണുത്ത മരുഭൂമിയുടെയും മഞ്ഞ് കിരീടം ചൂടിയ പര്‍വതങ്ങളുടെയും അവിസ്മരണീയമായ കാഴ്ചകള്‍ ആണ് സ്പിതിയെ വ്യത്യസ്തമാക്കുന്നത്. വളഞ്ഞുതിരിയുന്ന റോഡുകളും താഴ്വരകളും ഇവിടേക്കുള്ള യാത്ര സാഹസികമാക്കുന്നു. സ്പിതി വാലി ഇന്ത്യയെ ടിബറ്റില്‍ നിന്ന് വേര്‍തിരിക്കുന്ന ഇടമാണ്. അങ്ങനെ നോക്കുമ്ബോള്‍ സ്പിതിയുടെ അര്‍ത്ഥമായ മധ്യഭൂമി എന്ന പേര് ഇതിന് ഏറെ യോജിക്കുന്നു എന്നു മനസ്സിലാക്കാം. സാഹസികത ഇഷ്ടപ്പെടുന്നവരുടെ പറുദീസയാണ് സ്പിതി, വിനോദസഞ്ചാരികള്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയുന്ന നിരവധി ട്രെക്കിംഗ് പാതകളുണ്ട്.
ഉദയ്പൂർ;
പ്രകൃതി സൗന്ദര്യം നിറഞ്ഞു നില്ക്കുന്ന കാഴ്ചകളാണ് ഉദയ്പൂരിന്റെ പ്രത്യേകത. രാജസ്ഥാനിലെ അതിമനോഹരമായ ആരവലി പര്‍വതനിരകള്‍ക്കിടയിലുള്ള ഇത് മനോഹരമായ തടാകങ്ങള്‍ക്ക് പേരുകേട്ടതാണ്. ഇതിനെ ‘തടാകങ്ങളുടെ നഗരം’ എന്നും വിളിക്കുന്നു. എല്ലായിടത്തും സാന്നിധ്യമുള്ള ആകര്‍ഷകമായ തടാകങ്ങള്‍ നഗരത്തിന് പ്രത്യേക ഭംഗി നല്കുന്നു. കൊട്ടാരങ്ങളും ക്ഷേത്രങ്ങളും ഹവേലികളും കൊണ്ട് നിറഞ്ഞതാണ് ഈ ആകര്‍ഷകമായ നഗരം. സംസ്കാരത്തിനും പേരുകേട്ട ഇത് പെര്‍ഫോമിംഗ് ആര്‍ട്സ്, പെയിന്റിംഗ്, ക്രാഫ്റ്റ്സ് എന്നിവയുടെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു.
കാശ്മീർ:
ഭൂമിയിലെ സ്വര്‍ഗ്ഗം എന്നു വിളിക്കപ്പെടുന്ന കാശ്നീര്‍ ആല്‍പൈന്‍ പ്രകൃതി ദൃശ്യങ്ങളാല്‍ സമ്ബന്നമാണ്. മഞ്ഞുമൂടിയ കൊടുമുടികള്‍, വേനല്‍ക്കാലത്ത് മരതകം നിറഞ്ഞ പച്ച താഴ്വരകള്‍, പുരാതനമായ ആശ്രമങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, തടാകങ്ങള്‍, പൂന്തോട്ടങ്ങള്‍ തുടങ്ങിയ കാഴ്ചകളാണ് ഇവിടെയുള്ളത്. അത്യാകര്‍ഷകമായ, പ്രകൃതിയിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലുവാന്‍ സഹായിക്കുന്ന നിരവധി ട്രക്കിങ് റൂട്ടുകള്ഡ ഇവിടെയുണ്ട്. പലപ്പോഴും പ്രധാന യാത്രാപാതകളില്‍ നിന്നും മാറി നില്ക്കുന്ന ഗ്രാമങ്ങളിലാണ് കാശ്മിരിന്റെ യഥാര്‍ത്ഥ സൗന്ദര്യം.
വാരണാസി:
ഇന്ത്യയുടെ ആത്മീയതയിലേക്കുള്ള യാത്രയാണ് തേടുന്നതെങ്കില്‍ അതിനു പറ്റിയ സ്ഥലം വാരണാസിയാണ്. ആത്മാക്കള്‍ക്ക് മോക്ഷം നല്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഇവിടെ തീര്‍ത്ഥാടകരാണ് കൂടുതലായും എത്തുന്നത്. പുരാതനങ്ങളായ ക്ഷേത്രങ്ങള്‍, ഗംഗാ നദിയുടെ സാന്നിധ്യം, ഘാട്ടുകള്‍, അപൂര്‍വ്വമായ പൂജകള്‍ എന്നിങ്ങനെ നിരവധ കാര്യങ്ങള്‍ ഇവിടെ ആസ്വദിക്കുവാനുണ്ട്.