ആസിഫ് അലി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കുഞ്ഞെൽദോയുടെ ടീസർ പുറത്ത്. നടനും അവതാരകനും ആർജെയുമായ മാത്തുക്കുട്ടി ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് കുഞ്ഞെൽദോ. ‘ആ സ്വർണം കാലം നിങ്ങളിലേക്ക് തിരികെയെത്തിക്കുന്നു’ എന്നാണ് ടീസറിൽ പറയുന്നത്. കൗമാരക്കാരനായി ആസിഫ് അലി എത്തുന്നു എന്നതും ശ്രദ്ധേയമാണ്. ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 24 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.
കുഞ്ഞെൽദോയുടെ ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസൻ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് സ്വരൂപ് ഫിലിപ് ആണ്. ലിറ്റിൽ ബിഗ് ഫിലിംസിൻ്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം. ഷാൻ റഹ്മാനാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. മാത്തുക്കുട്ടി തന്നെയാണ് ചിത്രത്തിൻ്റെ രചനയും നിർവഹിച്ചിരിക്കുന്നത്.
ആസിഫ് അലിക്കൊപ്പം പുതുമുഖ താരം ഗോപിക ഉദയൻ ആണ് നായികയായി എത്തുന്നത്. ഇരുവർക്കും പുറമെ നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന മനസ് നന്നാവട്ടെ എന്ന ഗാനവും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.