ഉപ്പുതറ: മുല്ലപ്പെരിയാർ ഡാം ഇന്ന് തുറന്നേക്കും. രാത്രിയിലെ ശക്തമായ മഴയിൽ ജലനിരപ്പ് 140.30 അടിയായി. രാത്രിയോടെ നീരൊഴുക്ക് ശക്തമായതാണ് ജലനിരപ്പ് ഉയരാനിടയാക്കിയത്.ജലനിരപ്പ് 140 അടി പിന്നിട്ട സാഹചര്യത്തിൽ 24 മണിക്കൂറിനകം അണക്കെട്ട് തുറക്കുമെന്ന് ഇടുക്കി ജില്ലാ ഭരണകൂടത്തിന് തമിഴ്നാട് മുന്നറിയിപ്പു നൽകി യിരുന്നു. ഇതേത്തുടർന്ന് തീരദേശത്ത് ജാഗ്രതാ നിർദേശവും നൽകി. എന്നാൽ തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോയതിനാൽ ജലനിരപ്പ് ഉയരുന്നത് നിയ ന്ത്രിക്കാനായി. ജലനിരപ്പ് 141 അടി ആയാൽ അണക്കെട്ട് തുറന്നുവിടാനാണ് തമിഴ്നാട് തീരുമാനം. റൂർകെർവ് അനുസരിച്ച് 140.5 അടി ജലം അണക്കെട്ടിൽ നിലനിർത്താം.
മുല്ലപ്പെരിയാർ തുറക്കുന്നത് കണക്കിലെടുത്ത് ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നിരുന്നു. സെക്കൻഡിൽ നാൽപതിനായിരം ലീറ്റർ വെള്ളമാണ് പുറത്തേക്ക് വിടുന്നത്. കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കുന്നതിൽ ഇന്ന് തീരുമാനം ഉണ്ടാകും.അതേസമയം സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ എട്ട് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എൻഡിആർഎഫിന്റെ നാല് യൂണിറ്റുകൾ കൂടി സംസ്ഥാനത്ത് എത്തും. എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.