ദുബായ്: ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് കന്നി കിരീടം നേടി ഓസ്‌ട്രേലിയ. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ ഓസ്‌ട്രേലിയ മറികടന്നു.
മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഓസീസിന്റെ കിരീട വിജയത്തില്‍ നിര്‍ണായകമായത്. 50 പന്തില്‍ നിന്ന് 4 സിക്‌സും 6 ഫോറുമടക്കം 77 റണ്‍സെടുത്ത മാര്‍ഷാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍. മാര്‍ഷ് തന്നെയാണ് കളിയിലെ താരവും.
വാര്‍ണര്‍ 38 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാലു ഫോറുമടക്കം 53 റണ്‍സെടുത്തു.
ടി20 ലോകകപ്പിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ആസ്‌ട്രേലിയ്ക്ക് തുടക്കത്തിൽ തന്നെ നായകൻ ആരോൺ ഫിഞ്ചി(അഞ്ച്)നെ നഷ്ടമായി. ട്രെന്റ് ബോൾട്ടിന്റെ മനോഹരമായ പന്തിൽ ഡാരിൽ മിച്ചൽ പിടിച്ചുപുറത്താകുകയായിരുന്നു താരം. മൂന്നാമനായെത്തിയ മാർഷുമായി ചേർന്ന് തുടക്കംതൊട്ടേ കൂറ്റനടികളുമായി തകർത്താടുകയായിരുന്നു വാർണർ.
പവർപ്ലേ തൊട്ട് തുടങ്ങിയ അഴിഞ്ഞാട്ടം അവസാന ഓവർവരെ ഓസീസ് തുടർന്നു. ബൗളിങ്ങിൽ ഒരു ഘട്ടത്തിലും കിവീസിന് മേധാവിത്വം പുലർത്താൻ വാർണറും മാർഷും അവസരം നൽകിയില്ല. 13-ാം ഓവറില്‍ വാര്‍ണറെ ബോള്‍ട്ട് മടക്കിയെങ്കിലും തുടര്‍ന്നെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ മാര്‍ഷിന് ഉറച്ച പിന്തുണ നല്‍കി. മാക്‌സ്‌വെല്‍ 18 പന്തില്‍ നിന്ന് 28 റണ്‍സോടെ പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തിരുന്നു.
തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. 48 പന്തുകള്‍ നേരിട്ട കിവീസ് ക്യാപ്റ്റന്‍ മൂന്ന് സിക്‌സും 10 ഫോറുമടക്കം 85 റണ്‍സെടുത്തു. ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഒരു ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയുടെ റെക്കോഡാണ് വില്യംസണ്‍ മറികടന്നത്.
ഓസീസിനായി ജോഷ് ഹെയ്‌സല്‍വുഡ് നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.