ന്യൂഡൽഹി: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും താത്കാലികമായി മാറിനിൽക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ മടങ്ങിവരവ് സംസ്ഥാനത്തിന് തീരുമാനിക്കാമെന്ന് പൊളിറ്റ്ബ്യൂറോ. ഇക്കാര്യത്തിൽ സംസ്ഥാനത്ത് തീരുമാനമെടുത്തശേഷം കേന്ദ്ര നേതൃത്വത്തെ അറിയിച്ചാല്‍ മതിയെന്നുമാണ് പി ബിയുടെ നിലപാട്.
സെക്രട്ടറി സ്ഥാനത്തേയ്‌ക്ക് കോടിയേരി തിരിച്ചെത്തുന്നുവെന്ന തരത്തിൽ ചർച്ചകൾ സജീവമായിരുന്നു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മകൻ ബിനീഷ് കോടിയേരി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണിത്.
ബിനീഷ് അറസ്റ്റിലായതിന് പിന്നാലെ കഴിഞ്ഞ വർഷം നവംബർ 11ന് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും താല്‍ക്കാലികമായി ഒഴിഞ്ഞത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടികാട്ടിയായിരുന്നു കോടിയേരി മാറി നിന്നത്.
അർബുദത്തിന് തുടർചികിത്സ ആവശ്യമായതിനാൽ അവധി അനുവദിച്ചു എന്നാണ് സിപിഎം നൽകിയ വിശദീകരണം. തുടർന്ന് ഇടതുമുന്നണി കൺവീനർ വിജയരാഘവന് സംസ്ഥാന സെക്രട്ടറിയുടെ അധിക ചുമതല നൽകുകയും ചെയ്തു.
ബിനീഷ് കോടിയേരി ജാമ്യത്തിലിറങ്ങുകയും ആരോഗ്യസ്ഥിതി മെച്ചപെടുകയും ചെയ്തതോടെയാണ് കോടിയേരിയുടെ മടങ്ങിവരവ് വീണ്ടും സജീവമായിരിക്കുന്നത്.