തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് ശബരിമലയിൽ തീര്‍ത്ഥാടനത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. അടുത്ത നാല് ദിവസം ശബരിമലയിൽ പ്രവേശിക്കുന്നവരുടെ എണ്ണം നിയന്ത്രിക്കും. പമ്പാ സ്നാനം അനുവദിക്കില്ല. സ്പോട്ട് ബുക്കിംഗ് നിർത്തും. വെർച്ച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് തീയതി മാറ്റി നൽകും.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് പ്രകാരം അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാൽ അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. തീവ്ര മഴയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കാൻ വിളിച്ചുചേർത്ത ജില്ലാ കലക്ടർമാർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ശബരിമല നട തുറക്കുമ്പോള്‍ കൂടുതല്‍ തീര്‍ഥാടകര്‍ പ്രവേശിക്കുന്നത് ഇപ്പോഴുള്ള അവസ്ഥയില്‍ പ്രയാസം സൃഷ്ടിക്കും. മഴ ശക്തമായതിനാല്‍ നദിയില്‍ കലക്കവെള്ളമാണുള്ളത്. കുടിവെള്ളത്തിന്റെയും കുളിക്കാനുള്ള വെള്ളത്തിന്റെയും ലഭ്യതയില്‍ കുറവു വരും. അതിനാല്‍ അടുത്ത മൂന്നു നാല് ദിവസങ്ങളില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കാന്‍ യോഗം തീരുമാനിച്ചു.
എറണാകുളം, ഇടുക്കി തൃശൂര്‍ ജില്ലകളിലാണ് നിലവില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കക്കി, ഇടുക്കി ഡാമുകള്‍ തുറന്നുവിട്ടു. വൈദ്യുതി, ജല വകുപ്പുകളുടെ വിവിധ ഡാമുകളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് ടീമുകള്‍ നിലവില്‍ സംസ്ഥാനത്തുണ്ട്. നാല് ടീമുകള്‍ നാളെ രാവിലെയോടെ എത്തും. ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സിന്റെ രണ്ട് ടീമുകള്‍ ആവശ്യമെങ്കില്‍ കണ്ണൂര്‍, വയനാട് ജില്ലകളിലേക്ക് തയ്യാറാണ്.
പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. പലയിടങ്ങളിലും മലയിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായി. മിക്കയിടങ്ങളിലും ഗതാഗതം തടസപ്പെട്ട അവസ്ഥയാണ്. വെള്ളക്കെട്ട് മൂലം ഒട്ടനവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ജില്ലയില്‍ മഴ ഓരോ മണിക്കൂറിലും ശക്തിപ്പെടുകയാണ് എന്ന് അധികൃതര്‍ അറിയിച്ചു. പത്തനംതിട്ടയില്‍ അതീവജാഗ്രതയാണ് നിലനില്‍ക്കുന്നത്.ജില്ലയില്‍ കൺട്രോൾ റൂം തുറന്നതായി അധികൃതര്‍ അറിയിച്ചു. വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിൽ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.