ന്യൂഡല്‍ഹി: സിബിഐ, ഇഡി ഡയറക്ടർമാരുടെ (Director of CBI and ED) കാലാവധി അഞ്ച് വർഷം വരെ നീട്ടുന്നതിന് പ്രത്യേക ഓർഡിനൻസ് ഇറക്കി കേന്ദ്രസർക്കാർ. നിലവിൽ രണ്ട് വർഷം വരെയാണ് ഡയറക്ടർമാരുടെ കാലാവധി.
നേരത്തെ എൻഫോഴ്സ്മെൻ്റ് ഡയറക്ടർ എസ്കെ മിശ്രയുടെ കാലാവധി വീണ്ടും നീട്ടി നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി എത്തിയിരുന്നു. ഹർജിയിൽ വാദം കേട്ട കോടതി ഒരു വർഷം കൂടി കാലാവധി നീട്ടി നൽകിയ സർക്കാർ തീരുമാനത്തെ അംഗീകരിച്ചെങ്കിലും വീണ്ടും നീട്ടി നൽകരുതെന്ന് ഉത്തരവിട്ടിരുന്നു.
അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്തതിനുള്ള പ്രതിഫലമാണ് അന്വേഷണ ഏജൻസികളുടെ കാലാവധി നീട്ടാനുള്ള തീരുമാനമെന്ന് കോൺഗ്രസ് നേതാവ് മനു അഭിഷേഖ് സിങ്വി കുറ്റപ്പെടുത്തി. പാർലമെൻ്റെിനെ അവഗണിച്ച് സർക്കാർ ഓർഡിനൻസ് രാജ് നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.