അംരാവതി: മഹാരാഷ്ട്ര അംരാവതിയിൽ (Amravati) സംഘർഷത്തെ തുടർന്ന് ഇന്റർനെറ്റ് (Internet) വിച്ഛേദിച്ചു(Shut). ബിജെപി (BJP) നടത്തിയ ബന്ദിനിടയിൽ കടകൾക്കും സ്ഥാപനങ്ങൾക്കും നേരെ കല്ലേറുണ്ടായതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്. നഗരത്തിൽ നാല് ദിവസത്തെ കർഫ്യൂ (Curfew) പ്രഖ്യാപിച്ചു. അക്രമം വ്യാപിക്കാതിരിക്കാനും വ്യാജ വാർത്തകളും വിവരങ്ങളും പ്രചരിക്കാതിരിക്കാനുമാണ് മൂന്ന് ദിവസം നഗരത്തിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചതെന്ന് സിറ്റി കമ്മീഷണർ ആരതി സിങ് പറഞ്ഞു. നഗരത്തിൽ നേരത്തെ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. ശനിയാഴ്ചയാണ് സമരത്തിനിടെ വ്യാപക ആക്രമണമുണ്ടായത്. കൊടിയും പിടിച്ച് മുദ്രാവാക്യവും വിളിച്ചെത്തിയ പ്രവർത്തകർ രാജ്കമൽ ചൗക്ക് ഏരിയയിൽ കടകൾക്കും സ്ഥാപനങ്ങൾക്കും നേരെ കല്ലെറിയുകയായിരുന്നു.
അക്രമികൾക്കുനേരെ പൊലീസ് ലാത്തിചാർജ്ജ് നടത്തി. വെള്ളിയാഴ്ചയും നഗരത്തിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് കർഫ്യൂ ഏർപ്പെടുത്തിയത്. അഞ്ചുപേരിൽ കൂടുതൽ കൂട്ടം കൂടി നിൽക്കാനോ ആശുപത്രി ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാനോ അനുവാദമില്ല.
ത്രിപുരയിൽ മുസ്ലിം പള്ളികൾക്ക് നേരെ ആക്രമണമുണ്ടായി എന്നാരോപിച്ച് വെള്ളിയാഴ്ച മുസ്ലിം സംഘടനകൾ നഗരത്തിൽ പ്രതിഷേധ സമരം നടത്തിയിരുന്നു. ഈ റാലിക്കിടെയും കല്ലേറുണ്ടായെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ചത്തെ സംഭവവുമായി ബന്ധപ്പെട്ട് 20 പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. 20 എഫ്‌ഐആറും രജിസ്റ്റർ ചെയ്തു. ത്രിപുരയിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകാൻ അംരാവതി കലക്ടറേറ്റിൽ ആയിരങ്ങളാണ് എത്തിയത്. തുടർന്നാണ് കല്ലേറുണ്ടായത്. മഹാരാഷ്ട്ര സർക്കാറിനെ അസ്ഥിരപ്പെടുത്താനാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്ന് ശിവസേന ആരോപിച്ചു.
സംസ്ഥാന സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ത്രിപുരയിൽ നടക്കാത്ത സംഭവത്തിൽ മഹാരാഷ്ട്രയിൽ പ്രതിഷേധം നടന്നത് സംഭവിക്കാൻ പാടില്ലായിരുന്നെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു. എരിതീയിൽ എണ്ണയൊഴിക്കുന്ന പ്രസ്താവനകൾ രാഷ്ട്രീയ പാർട്ടി നേതാക്കൾ നടത്തരുതെന്ന് മുതിർന്ന ബിജെപി നേതാവ് മുന്നറിയിപ്പ് നൽകി.