തിരുവനന്തപുരം : നിർബന്ധിത വാക്‌സിനേഷനെതിരേ ആയുഷ് ജനകീയ ഐക്യവേദി യുടെയും സഹകാരികൾ ആയ മറ്റു പത്തോളം സംഘടനകളുടെയും ആഭിമുഖ്യത്തിൽ നവംബർ 1 മുതൽ നവംബർ 14 വരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഒരു വാഹന പ്രചരണ ജാഥ നടക്കുകയാണ്.
ആയുഷ് ജനകീയ യാത്ര സർക്കാരിന്റെയോ ആരോഗ്യ വകുപ്പിന്റെയോ നയങ്ങൾക്ക് എതിരോ വാക്‌സിനേഷന് എതിരോ അല്ല. വാക്‌സിനേഷൻ എടുക്കാൻ ഇഷ്ടപ്പെടുന്നവർക്ക് അതെടുക്കാനുള്ള സ്വാതന്ത്ര്യം പോലെ, ഇഷ്ടപ്പെട്ട മരുന്നും ചികിത്സയും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം. ഏതൊരു പൗരന്റെയും ഭരണഘടനാ പ്രകാരമുള്ള മൗലികാവകാശം സംരക്ഷിക്കപ്പെടണം. വാക്‌സിൻ നിർബന്ധമാക്കാനോ വാക്‌സിൻ എടുക്കാത്തതിന്റെ പേരിൽ സമൂഹത്തിലെ ഒരു രംഗത്തുനിന്നും ഒരാളെയും മാറ്റി നിർത്താനോ ഒറ്റപ്പെടുത്താനോ പാടില്ല.
പരോക്ഷമായി നിർബന്ധിത വാക്സിനേഷൻ നടപ്പിലാക്കുന്നത് അവസാനിപ്പിക്കുക, ആയുഷ് വിഭാഗങ്ങളുടെ കൊവിഡ് പ്രതിരോധ ചികിത്സ സംവിധാനങ്ങൾക്ക് ആവശ്യമായ അംഗീകാരവും ഫണ്ടും പ്രചരണവും നൽകുക, ആയുഷ് വിഭാഗങ്ങളുടെ കൊവിഡ് പ്രതിരോധ ഔഷധങ്ങൾ കഴിച്ചിട്ടുള്ളവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റിന് തുല്യമായ ആയുഷ് ഡോക്ടർമാർ നൽകുന്ന സർട്ടിഫിക്കറ്റിന് അംഗീകാരം നൽകുക തുടങ്ങിയവയാണ് ആയുഷ് ജനകീയ ഐക്യവേദി ഉന്നയിക്കുന്ന ആവശ്യങ്ങൾ.
നവംബർ 15 ന് 10.00am ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ സമാപന സമ്മേളനത്തോടെ മാർച്ച് അവസാനിക്കും.