തിരുവനന്തപുരം: എതിർപ്പുകൾ ഉയരുമ്പോഴും മുൻ കെപിസിസി സെക്രട്ടറി എം.എ.ലത്തീഫിനെതിരായ (Latheef) അച്ചടക്ക നടപടിയെ ന്യായീകരിച്ച് കെ.സുധാകരൻ (K Sudhakaran). കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് കെപിസിസി അധ്യക്ഷൻ്റെ വിശദീകരണം. അതിനിടെ ലത്തീഫിനെ അനുകൂലിച്ച് തലസ്ഥാനനഗരത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.
സംഘടനാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കെപിസിസി മുൻ സെക്രട്ടറി എം.എ.ലത്തീഫിനെതിരായ നടപടി എന്നാണ് എ-ഐ ഗ്രൂപ്പുകളുടെ വിമർശനം. കാരണം കാണിക്കൽ പോലും ചോദിക്കാതെയുള്ള നടപടിയിൽ ഉമ്മൻചാണ്ടി തന്നെ അതൃപ്തി അറിയിച്ചുവെന്നാണ് വിവരം. ലത്തീഫിനെതിരെ സതീശനും പരാതിയില്ലെന്ന് വ്യക്തമാക്കിയതെന്നാണ് സൂചന. എന്നാൽ നടപടിയെ കെ.സുധാകരൻ ന്യായീകരിച്ചു.
എന്നാൽ കെ.സുധാകരൻ നടപടിയിൽ ഉറച്ചു നിൽക്കുമ്പോവും തീരുമാനത്തിനെതിരെ തിരുവനന്തപുരം നഗരത്തിൽ ലത്തീഫ് അനുകൂലികൾ രണ്ട് ദിവസം പ്രകടനം നടത്തി. കെ കരുണാകരൻ പ്രതിമക്ക് മുന്നിൽ നിന്ന് തുടങ്ങി ആർ ശങ്കർ പ്രതിമവരെയായിരുന്നു ഇന്നത്തെ പ്രകടനം. കഴിഞ്ഞ രണ്ട് ദിവസമായി ചിറയൻകീഴ് ആറ്റിങ്ങൽ മേഖലയിൽ പ്രകടനം നടന്നിരുന്നു.